അയ്യന്റെ പുഷ്പാഭിഷേക ദർശനത്തിൽ നിർവൃതിയടഞ്ഞ് ഭക്തർ

ശരണമന്ത്രങ്ങളാലും നറുനെയ്യിന്റെ വാസനയാലും നിറഞ്ഞ് നിൽക്കുന്ന ശബരീശ സന്നിധി. ഭസ്മാഭിഷേകവും കലശാഭിഷേകവും കളഭാഭിഷേകവും കഴിഞ്ഞു നിൽക്കുന്ന അഭിഷേകപ്രിയനായ അയ്യന് പൂക്കളാൽ ഒരുക്കുന്ന അർച്ചനയാണ് പുഷ്പാഭിഷേകം. ശബരിമല പുങ്കാവനമെന്ന് വിശേഷിപ്പിക്കുന്നതുപോലും അയ്യന് പൂക്കളോടുള്ള പ്രിയം കൊണ്ടാണെന്ന് സാരം. അതുകൊണ്ടാണ് ശബരിമലയിലെ മറ്റൊരുപ്രധാന വഴിപാടായി പുഷ്പാഭിഷേകവും മാറിയത്.

നെയ്യഭിഷേകത്താൽ തപിക്കുന്ന തങ്കവിഗ്രഹത്തെ കളഭാഭിഷേകത്താൽ കുളിരണിയിക്കുന്നതുപോലെ ഭക്തമനസ്സും അഭിഷേക ദർശനത്താൽ നിർവൃതി അണയുന്നു. ഉദ്ദിഷ്ടകാര്യ സിദ്ധിക്കായി അയ്യപ്പസ്വാമിക്ക് നിത്യവും സമർപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിൽ ഒന്നാണിത്. നിരവധി പേരാണ് അയ്യന് പുഷ്പാഭിഷേക വഴിപാടുമായി ശബരീശസന്നിധിയിൽ എത്തുന്നത്. വൈകീട്ട്/ ദീപാരാധനക്കുശേഷം തുടങ്ങി അത്താഴപൂജയ്ക്ക് തൊട്ടു മുൻപുവരെയാണ് തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ പുഷ്പാഭിഷേകം നടക്കുക.

താമര, പനിനീർപൂ, മുല്ല, അരളി, ജമന്തി, തുളസി, കൂവളം, തെറ്റി തുടങ്ങിയ എട്ടുതരം പുഷ്പങ്ങൾ മാത്രമാണ് അഭിഷേകത്തിനുപയോഗിക്കുക. അതിനോടൊപ്പം ഏലക്കാ മാല, രാമച്ചമാല, കിരീടം എന്നിവയും ഭക്തർക്ക് സമർപ്പിക്കാവുന്നതാണ് വഴിപാട് നടത്തുന്ന ഭക്തർക്കായി എട്ട് കൂട പൂവും ഒരു ഹാരവും ലഭിക്കും. ഇതുമായി അഞ്ച് പേർക്ക് ശ്രീകോവിലിനു മുന്നിലെത്തി തിരക്കുകൂടാതെ അഭിഷേക ദർശനവും വിശേഷ പൂജകളും ലഭിക്കുന്നു. ഭക്തർ നൽകുന്ന ഏലക്ക മാലയും കിരീടവും അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയ ശേഷം വഴിപാടുകാർക്കു തന്നെ തിരികെ നൽകും. പരിപാവനമായ ഈ അഭിഷേക പ്രസാദം ഭക്തർക്ക് നൽകുന്ന ആത്മനിർവൃതി ചെറുതൊന്നുമല്ല.

12,500 രൂപയാണ് ഒരു പുഷ്പാഭിഷേകത്തിനു ദേവസ്വത്തിൽ അടയ്ക്കേണ്ടത്.വഴിപാട് ഓൺലൈനായും നേരിട്ടും ബുക്ക് ചെയ്യാം. പണം അടച്ചാൽ ആവശ്യമായ പൂക്കൾ ശ്രീകോവിലിനു സമീപത്തു നിന്നു ലഭിക്കും. അതിനാൽ തന്നെ വഴിപാട് നടത്തുന്നവർ പൂക്കൾ കൊണ്ടുവരേണ്ടതില്ല. ശരാശരി ഒരു ദിവസം മുപ്പത്തോളം പുഷ്പാഭിഷേകം നടക്കുന്നുണ്ടെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഒ ജി ബിജു പറഞ്ഞു. പുഷ്പാഭിഷേകത്തിനും ബുക്കിങ് പരിധിയില്ലെന്നതാണ് ശബരിമലയിലെ പ്രത്യേകത.