തുലാമാസ പൂജക്കായി ശബരിമല നട ഒക്ടോബർ 17 ന് തുറക്കും, മേൽശാന്തി നറുക്കെടുപ്പ് 18 ന്

പത്തനംതിട്ട : തുലാമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഒക്ടോബർ 17 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ക്ഷേത്ര ശ്രീ കോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും.നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടാവില്ല.

ശേഷം തുലാം ഒന്നിന് (ഒക്ടോബർ 18 ) പുലർച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും. തുടർന്ന് നിർമ്മാല്യവും പതിവ് അഭിഷേകവും നടക്കും. 5.30 ന് മണ്ഡപത്തിൽ മഹാഗണപതിഹോമം നടക്കും.പുലർച്ചെ 5.15 മുതൽ നെയ്യഭിഷേകം ആരംഭിക്കും.7.30 ന് ഉഷപൂജയ്‌ക്ക്‌ശേഷം പുതിയ ശബരിമല,മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും.ആദ്യം ശബരിമല മേൽശാന്തിയെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പാണ് നടക്കുക.

10 പേരാണ് ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിനായുള്ള അന്തിമപട്ടികയിൽ ഇടം നേടിയിട്ടുള്ളത്.8 പേർ മാളികപ്പുറം മേൽശാന്തി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. മേൽശാന്തിമാരുടെ അന്തിമ പട്ടികയിൽ ഇടം നേടിയ 10 ശാന്തിമാരുടെ പേരുകൾ വെള്ളിക്കുടത്തിലിട്ട് അത് ശ്രീകോവിലിനുള്ളിൽ പൂജ നടത്തിയശേഷം അതിൽ നിന്നാണ് പുതിയ മേൽശാന്തിയെ നറുക്കെടുക്കുക.പന്തളം കൊട്ടാരത്തിൽ നിന്ന് എത്തുന്ന കൃത്തികേഷ് വർമ്മയും പൗർണ്ണമി ജി വർമ്മയും ആണ് ശബരിമല മാളികപ്പുറം മേൽശാന്തിമാരെ നറുക്ക് എടുക്കുന്നത്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഇരു മേൽശാന്തിമാരും പുറപ്പെടാ ശാന്തിമാരായിരിക്കും. അടുത്ത ഒരു വർഷം ആണ് മേൽശാന്തിമാരുടെ കാലാവധി.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ.കെ.അനന്തഗോപൻ,ബോർഡ് അംഗം പി.എം.തങ്കപ്പൻ,ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ്,ശബരിമല സ്‌പെഷ്യൽ കമ്മീഷണർ മനോജ്,നറുക്കെടുപ്പ് നടപടികൾക്കായി ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകൻ റിട്ടേർഡ് ജസ്റ്റിസ് ആർ.ഭാസ്‌കരൻ,ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ എച്ച്. കൃഷ്ണകുമാർ, ദേവസ്വം വിജിലൻസ് എസ്.പി സുബ്രഹ്മണ്യൻ തുടങ്ങിയവർ മേൽശാന്തി നറുക്കെടുപ്പ് ദിവസം ശബരിമലയിൽ സന്നിഹിതരാകും.തുലാമാസ പൂജകളുടെ ഭാഗമായി ഈ മാസം 17 മുതൽ 22 വരെ ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കും.

വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത അയ്യപ്പഭക്തർക്ക് ദർശനത്തിനായി എത്തിച്ചേരാം .നിലയ്‌ക്കലിൽ ഭക്തർക്കായി സ്‌പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.22 ന് രാത്രി 10 ന് ഹരിവരാസനം പാടി ക്ഷേത്ര നട അടയ്‌ക്കും.ചിത്തിര ആട്ടവിശേഷത്തിനായി ക്ഷേത്രനട വീണ്ടും 24 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.25 ന് ആണ് ആട്ട ചിത്തിര.അന്നേദിവസം രാത്രി 10 മണിക്ക് നട അടച്ചാൽ പിന്നെ മണ്ഡലകാല മഹോൽസവത്തിനായി നവംബർ 16 ന് വൈകുന്നേരം 5 മണിക്കാണ് തുറക്കുക. നവംബർ 17 ന് ആണ് വിശ്ചികം ഒന്ന്.