ഇത് അറിഞ്ഞാല്‍ ഏറ്റവും സന്തോഷിക്കുന്ന വ്യക്തി എന്റെ അമ്മയായിരിക്കും, സൈജു കുറുപ്പ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സൈജു കുറുപ്പ്. മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നടന്‍ ഇന്ന് നിരവധി സിനിമകളിലൂടെ സ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇപ്പോള്‍ കരിയറില്‍ പുതിയൊരു ചുവടുവെയ്പ്പ് നടത്തിയിരിക്കുകയാണ് സൈജു. ആദ്യമായി ഒരു സീരിയലില്‍ അഭിനയിച്ച വിവരമാണ് സൈജു സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരുമായി പങ്കുവെച്ചത്. സീരിയലിന്റെ സെറ്റില്‍ നിന്ന് അഭിനേതാക്കള്‍ക്ക് ഒപ്പമുള്ള ചിത്രവും നടന്‍ പങ്കുവെച്ചിട്ടുണ്ട്. സൈജുവിനും അഭിനേതാക്കള്‍ക്കും ഒപ്പം നടന്‍ വിനു മോഹനുമുണ്ട്.

‘ടിവി സീരിയലുകളുടെ കടുത്ത ആരാധകനായിരുന്നതിനാല്‍ സീരിയലിലെ ഒരു എപ്പിസോഡില്‍ എങ്കിലും അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു, സൂര്യ ടിവിയില്‍ സ്വന്തം സുജാതയില്‍ അഭിനയിച്ച് എന്റെ ആഗ്രഹം സഫലമായി, എപ്പിസോഡ് ഉടന്‍ സംപ്രേഷണം ചെയ്യും, ഇത് അറിഞ്ഞാല്‍ ഏറ്റവും സന്തോഷിക്കുന്ന വ്യക്തി എന്റെ അമ്മയായിരിക്കും’ എന്ന് സൈജു കുറിച്ചു.

ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ ആണ് സൈജുവിന്റെതായി ഒരുങ്ങുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സൈജുവിന്റെ കരിയറിലെ നൂറാമത്തെ സിനിമ കൂടിയാണ് ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍. ചിത്രത്തില്‍ ഗുണ്ട ജയന്‍ എന്ന കഥാപാത്രത്തെയാണ് സൈജു കുറുപ്പ് അവതരിപ്പിക്കുന്നത്. അരുണ്‍ വൈഗ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.