മിസ്റ്റർ ബീനുമായി താരതമ്യപ്പെടുത്താറുണ്ട്, ഞാനത് പ്രോത്സാഹിപ്പിക്കാറില്ല; സൈജു കുറുപ്പ്

സൈജു കുറുപ്പ് ഒരു കേന്ദ്രകഥാപാത്രമായി തിയേറ്ററുകളിലെത്തിയ തീര്‍പ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം മികച്ച നിലയില്‍ പ്രദര്‍ശനം തുടരുമ്പോള്‍ സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സൈജു. തന്നെ മിസ്റ്റര്‍ ബീനുമായി പലരും താരതമ്യപ്പെടുത്തി പറഞ്ഞിട്ടുണ്ടെന്നാണ് സൈജു വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ താന്‍ അത് ഞാന്‍ അധികം പ്രോത്സാഹിപ്പിക്കാറില്ലെന്നും അദ്ദേഹം ഒരു ഒഭിമുഖത്തില്‍ വ്യക്തമാക്കി.

ഒരു ലെജന്റാണ് മിസ്റ്റര്‍ ബീന്‍. അതില്‍ നമ്മള്‍ എന്ത് പറയാനാണ്. ഞാന്‍ സൈജു കുറുപ്പാണ്. അതുകൊണ്ട് സൈജു കുറുപ്പായി മലയാളത്തില്‍ തുടര്‍ന്ന് പോകാനാണ് താല്‍പര്യം. അതുപോലെതന്നെ ചിലരൊക്കെ ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാനുമായും എന്നെ താരതമ്യപ്പെടുത്തി പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ എനിക്ക് അങ്ങനൊന്നും തോന്നിയിട്ടില്ല. രഘുവരനെപ്പോലയാണ് ഞാന്‍ ഇരിക്കുന്നതെന്ന് പണ്ട് പഠിക്കുന്ന കാലത്ത് സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ട്. അതും എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് സൈജു കുറുപ്പ്. നീണ്ട പതിനാറ് വർഷങ്ങൾ പൂർത്തിയാക്കി കരിയറിലെ നൂറാമത്തെ ചിത്രത്തിലെത്തിയപ്പോഴാണ് ടൈറ്റിൽ റോളിൽ സൈജു എത്തിയത്. യാതൊരു സിനിമാ പശ്ചാത്തലവുമില്ലാതെ വെള്ളിത്തിരയിലെത്തി സ്വന്തമായി കഴിവ് തെളിയിച്ച നായകനാണ് സൈജു. സൈജു കുറുപ്പും ഒരു കേന്ദ്രകഥാപാത്രമായി തിയേറ്ററുകളിലേക്കെത്തിയ ഏറ്റവും പുതിയ സിനിമയാണ് തീർപ്പ്. കമ്മാരസംഭവത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത സിനിമയാണ് തീര്‍പ്പ്. അക്കാഡിയോ സാകേത് എന്ന കടലോരത്തെ ഒരു ലക്ഷ്വറി റിസോർട്ടിൽ ഒരു ദിവസം നടക്കുന്ന കഥയാണ് തീർപ്പ് പറയുന്നത്.