ചാന്‍സ് ചോദിച്ച് വിളിച്ചപ്പോള്‍ സംവിധായകന്റെ ഭാഗത്തുനിന്നും ഉണ്ടായ വേദനിപ്പിച്ച അനുഭവം, ഒപ്പം സന്തോഷവും, സൈജു കുറുപ്പ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സൈജു കുറുപ്പ്.നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ആരാധകരുടെ പ്രിയതാരമായി അദ്ദേഹം മാറി.ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രമാണ് സൈജു കുറുപ്പിന് ബ്രേക്ക് ത്രൂ നല്‍കിയത്.2005ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെയാണ് നടന്‍ അഭിനയ രംഗത്ത് എത്തുനന്ത്. പിന്നീട് പല സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും അഭിനയിച്ചു.അത്ര ശ്രദ്ധിക്കപ്പെടാതെ നില്‍ക്കുന്ന സമയാമാണ് സൈജു കുറുപ്പിനെ തേടി വികെ പ്രകാശിന്റെ വിളി എത്തുന്നത്. തുടര്‍ന്ന് ട്രിവാന്‍ഡ്രം ലോഡ്ജിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് സൈജുവിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ഇപ്പോള്‍ ആട് എന്ന ചിത്രത്തില്‍ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിനോട് അങ്ങോട്ട് ചാന്‍സ് ചോദിച്ച് വിളിച്ച തനിക്ക് മിഥുനില്‍ നിന്നും ഏറെ വിഷമിപ്പിക്കുന്നതും എന്നാല്‍ അതേ പോലെ സന്തോഷം തരുന്നതുമായ മറുപടി ലഭിച്ച അനുഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് സൈജു കുറുപ്പ്.
സൈജു കുറുപ്പിന്റെ വാക്കുകള്‍ ഇങ്ങനെ,’ആട്’ എന്ന സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ അതിയായ ആഗ്രഹമുള്ളതിനാല്‍ എനിക്കതില്‍ ഒരു വേഷം തരുമോ? എന്ന് ചോദിക്കാന്‍ ഞാന്‍ മിഥുനെ വിളിച്ചിരുന്നു. അപ്പോള്‍ മിഥുന്‍ പറഞ്ഞ രണ്ട് മറുപടികളില്‍ ഒന്ന് വിഷമിപ്പിക്കുന്നതും, മറ്റൊന്ന് സന്തോഷിപ്പിക്കുന്നതുമായിരുന്നു. ‘നിങ്ങള്‍ മലയാള സിനിമയില്‍ നിന്ന് പുറത്തായ നടനാണ് എന്നാണ് ഞാന്‍ കരുതിയത്, പക്ഷേ നിങ്ങളുടെ തിരിച്ചു വരവ് ഗംഭീരമായിരുന്നു. ‘ആട്’ എന്ന സിനിമയില്‍ എല്ലാം ഗ്രാമീണരായിട്ടുള്ള കഥാപാത്രങ്ങളാണ്, അതില്‍ താങ്കളുടെ അപ്പീയറന്‍സിന് പറ്റിയ വേഷമില്ല’ എന്ന് മിഥുന്‍ എന്നോട് പറഞ്ഞപ്പോള്‍ എന്റെ തിരിച്ചു വരവിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യത്തില്‍ എനിക്ക് സന്തോഷം തോന്നി, പക്ഷേ ‘ആട്’ എന്ന സിനിമയില്‍ ചാന്‍സ് ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി വിഷമമുണ്ടാക്കുന്നതായിരുന്നു’.