വിവാഹം എന്ന് പറഞ്ഞപ്പോഴേ രശ്മിയുടെ അമ്മ ചൂലെടുത്തു, ഓട്ടോയില്‍ കയറി ഒളിച്ചോടി, പാഷാണം ഷാജി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് പാഷാണം ഷാജി. മിമിക്രിയിലൂടെയാണ് അദ്ദേഹം ബിഗ് സ്‌ക്രീനിലേക്കും മിനിസ്‌ക്രീനിലേക്കും എത്തിയത്. സാജു നവോദയ എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും പാഷാണം ഷാജി എന്ന പേരിലാണ് അറിയപ്പെടുന്നത്. ബിഗ്‌ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥിയുമായിരുന്നു. രശ്മിയാണ് സാജുവിന്റെ ഭാര്യ. കോവിഡ് കാലത്ത് സാജുവും ഭാര്യയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. താന്‍ വളരെ കഷ്ടപ്പാടുള്ള സാഹചര്യത്തില്‍ നിന്നും വളര്‍ന്ന് വന്ന വ്യക്തിയായത് കൊണ്ട് ഇത്തരത്തില്‍ അനാഥലയങ്ങളില്‍ കഴിയുന്നവരെ കാണുമ്പോഴും ഒറ്റപ്പെട്ട് ജീവിക്കുന്നവരെ കാണുമ്പോഴും അവസ്ഥ മനസിലാകാറുണ്ട് എന്നാണ് സാജു പറയുന്നത്.

കഴിഞ്ഞ ദിവസം എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം എന്ന പരിപാടിയില്‍ സാജവും ഭാര്യ രശ്മിയുമാണ് പങ്കെടുത്തത്. സാജുവും രശ്മിയും പ്രണയിച്ച് വിവാഹിതരായവരാണ്. വീട്ടുകാരുടെ സമ്മതമില്ലാതിരുന്നതിനാല്‍ വിവാഹത്തിന് എടുക്കേണ്ടി വന്ന സാഹസങ്ങളും രശ്മിയെ ഒാട്ടോയില്‍ കടത്തിക്കൊണ്ട് പോയതിനെ കുറിച്ചുമൊക്കെ വിവരിച്ചിരിക്കുകയാണ് സാജു. പ്രണയത്തിലായിരുന്നപ്പോള്‍ തന്നെ വിവാഹം എന്ന ചിന്തയായിരുന്നു ഉണ്ടായിരുന്നതെന്നും രശ്മിയുടെ വീട്ടുകാര്‍ക്ക് സമ്മതമല്ലാതിരുന്നതിനാല്‍ ഒളിച്ചോടി പോകേണ്ടി വരികയായിരുന്നു.-സാജു പറഞ്ഞു.

‘വിവാഹം എന്ന് ചിന്തിച്ചപ്പോള്‍ തന്നെ ആദ്യം രശ്മിയുടെ വീട്ടില്‍ പോയി കാര്യങ്ങള്‍ പറഞ്ഞു. അമ്മയോടാണ് പറഞ്ഞത്. കേള്‍ക്കേണ്ട താമസം അമ്മ ചൂലെടുത്തു. നിനക്കൊന്നും എന്റെ മോളെ കെട്ടിച്ച് തരില്ലെന്ന് പറഞ്ഞു. അപ്പുറത്ത് അച്ഛന്‍ നില്‍ക്കുന്നുണ്ടായിരുന്നുവെങ്കിലും ചോദിക്കാന്‍ പോയില്ല. കാരണം അദ്ദേഹത്തിന്റെ കൈയ്യില്‍ ചുറ്റികയുണ്ടായിരുന്നു. പിന്നീട് ഞങ്ങള്‍ തന്നെ ഒളിച്ചോടാന്‍ തീരുമാനിച്ചു. ഓട്ടോറിക്ഷയില്‍ കയറിയാണ് ഒളിച്ചോടിയത്. ഒളിച്ചോട്ടമാണെന്ന് മനസിലായ ഡ്രൈവര്‍ കാശ് പോലും വാങ്ങാതെ കൃത്യ സ്ഥലത്ത് എത്തിച്ചു. കൂട്ടുകാരന്റെ വീട്ടില്‍ തങ്ങിയാണ് രജിസ്റ്റര്‍ വിവാഹം നടന്നത്. വിവാഹശേഷം സംഭവമറിഞ്ഞ വീട്ടുകാര്‍ പരസ്പരം സംസാരിച്ച് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കി. തിയ്യതി നിശ്ചയിച്ച് വിവാഹം നടത്താമെന്ന് പറഞ്ഞു. രശ്മിയെ കൂട്ടാന്‍ അവളുടെ വീട്ടില്‍ നിന്ന് ഒരുപാട് ആളുകള്‍ വന്നിരുന്നു. ഒളിച്ചോടിപ്പോയ എന്ന കൂട്ടാന്‍ ആരും വന്നില്ല. ഞാന്‍ തന്നെ ബസ് കയറി വീട്ടിലേക്ക് പോവുകയായിരുന്നു. ഇപ്പോള്‍ യാതൊരു പ്രശ്‌നവുമില്ലാതെ സുഖമായി ജീവിതം മുന്നോട്ട് പോകുന്നു’- സാജു നവോദയ പറയുന്നു.