ആദ്യ സിനിമ ചെയ്യുമ്പോള്‍ സിനിമയില്‍ അഭിനയിക്കണമെന്ന മോഹം ഉണ്ടായിരുന്നില്ല, സംവൃത പറയുന്നു

മലയാളികളുടെ പ്രിയ നടിയാണ് സംവൃത സുനില്‍. ഇപ്പോള്‍ തന്റെ കരിയറിനെ കുറിച്ച് സംവൃത പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായിരിക്കുന്നത്. ആദ്യ സിനിമയില്‍ നായികയായി എത്തുന്നത് സിനിമയില്‍ വരണമെന്ന ആഗ്രഹത്തോടെ ആയിരുന്നില്ലെന്ന് നടി പറയുന്നു. ഇതിന് കാരണം താന്‍ സിനിമയില്‍ എത്തണമെന്ന് ആഗ്രഹിച്ച് നടന്ന സമയം മുടങ്ങി പോയ രണ്ട് ചിത്രങ്ങള്‍ ആണെന്നും സംവൃത പറഞ്ഞു.

ഒരു അഭിമുഖത്തിലാണ് സംവൃത സുനില്‍ തന്റെ മനസ് തുറന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന സിനിമയിലൂടെ തുടക്കം കുറിക്കാനിരുന്ന സംവൃത താന്‍ സെന്‍ട്രല്‍ ക്യാരക്ടര്‍ ചെയ്യേണ്ടിയിരുന്ന മറ്റൊരു നടക്കാതെ പോയ സിനിമയെക്കുറിച്ചും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ പങ്കുവയ്ക്കുകയാണ്.

സംവൃതയുടെ വാക്കുകള്‍ ഇങ്ങനെ, ‘രസികന്‍ എന്ന സിനിമയ്ക്ക് വേണ്ടി ലാല്‍ജോസ് സാര്‍ എന്നെ കാണാന്‍ വരുമ്പോള്‍ എനിക്ക് സിനിമയില്‍ അഭിനയിക്കണമെന്ന മോഹം ഉണ്ടായിരുന്നില്ല. കാരണം അതിനു മുന്‍പേ രണ്ടു മലയാള സിനിമകള്‍ എനിക്ക് ചെയ്യാന്‍ കഴിയാതെ പോയി. രഞ്ജിത്ത് ചേട്ടന്‍ (സംവിധായകന്‍ രഞ്ജിത്ത്) ഞങ്ങളുടെ ഫാമിലി ഫ്രണ്ടാണ്’.

‘രഞ്ജിത്തേട്ടന്റെ ‘നന്ദനം’ എന്ന സിനിമയില്‍ എനിക്ക് ഓഫര്‍ വന്നിരുന്നു. പക്ഷെ ഞാന്‍ പത്താം ക്ലാസിലായതിനാല്‍ വീട്ടുകാര്‍ സമ്മതിച്ചില്ല. അതിനു ശേഷം പുതുമുഖങ്ങളെ വച്ച് രഞ്ജിത്ത് ചേട്ടന്‍ ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. ‘ഹലോ’ എന്ന് പേരിട്ടിരുന്ന ചിത്രത്തില്‍ ഞാനും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കാനിരുന്നതാണ്. പക്ഷേ അത് നടക്കാതെ പോയി. പിന്നീട് മറ്റൊരു ‘ഹലോ’ എന്ന ചിത്രത്തില്‍ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞതും വിചിത്രമായ കാര്യമാണ്’.

ലാല്‍ ജോസ് ഒരുക്കിയ രസികന്‍ എന്ന ചിത്രത്തില്‍ ദലീപിന്റെ നായികയായിട്ടാണ് സംവൃത സുനില്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. രസികനിലെ തങ്കമണി എന്ന കഥാപാത്രവും സംവൃത എന്ന നടിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2012ലാണ് നടി വിവാഹിതയാകുന്നത്. അഖില്‍ ജയരാജ് ആണ് സംവൃതയുടെ ഭര്‍ത്താവ്. വിവാഹ ശേഷം താരം സിനിമയില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും താരം സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. 2012ല്‍ പുറത്തിറങ്ങിയ 101 വെഡ്ഡിംഗ്‌സ് എന്ന ചിത്രത്തിന് ശേഷം സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ 2019ല്‍ ആണ് സംവൃത വീണ്ടും സിനിമാരംഗത്തേക്ക് തിരിച്ചെത്തിയത്.