മട്ടാഞ്ചേരി മാഫിയ ജന ഗണ മന എന്ന പേരില്‍ രാജ്യവിരുദ്ധ സിനിമ ഇറക്കി: സന്ദീപ് വാര്യര്‍

കൊച്ചി: കേരളത്തില്‍ രാജ്യവിരുദ്ധ സിനിമകള്‍ ഇറങ്ങുന്നുണ്ടെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. അതിനുദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് അടുത്തിടെ റിലീസ് ആയ പൃഥ്വിരാജ്-സുരാജ് ചിത്രം ‘ജന ഗണ മന’ ആണ്. മട്ടാഞ്ചേരി മാഫിയയുടെ ദേശവിരുദ്ധ സിനിമയാണ് ‘ജന ഗണ മന’ എന്നാണ് സന്ദീപ് ആരോപിക്കുന്നത്. അനന്തപുരി ഹിന്ദുമഹാ സഭ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കേരളത്തില്‍ ദേശ വിരുദ്ധ സിനിമകള്‍ ഇറങ്ങുന്നുണ്ട്. അതില്‍ നമുക്കൊക്കെ പ്രയാസവും പ്രശ്നവുമുണ്ട്. മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഒരുപാട് സുഹൃത്തുക്കള്‍ ഉള്ള ആളാണ് ഞാന്‍. വിഷമിച്ചിട്ട് എന്തുകാര്യം. മലയാളത്തിലെ എത്ര നിര്‍മാതാക്കള്‍ പണമിറക്കാന്‍ തയാറാണ്. ആരും ഇല്ല. നമ്മുടെ നിര്‍മാതാക്കളുടെ കയ്യില്‍ പണമില്ല. നമ്മുടെ ഇടയില്‍ നല്ല സംരംഭകരില്ല.

എന്നാല്‍, അപ്പുറത്തെ അവസ്ഥ അങ്ങനെയല്ല. അനധികൃതമായും അല്ലാതെയും വരുന്ന കോടിക്കണക്കിന് രൂപ അവിടെ കുമിഞ്ഞ് കൂടുന്നു. മട്ടാഞ്ചേരി മാഫിയയ്ക്ക് ‘ജന ഗണ മന’ എന്ന പേരില്‍ രാജ്യവിരുദ്ധ സിനിമയിറക്കാന്‍ കഴിയുന്ന സാഹചര്യം കേരളത്തിലുണ്ടാകുന്നു. നമ്മളും സംരംഭരാകുക എന്നതാണ് ഇത് തടയാനുള്ള വഴി’, സന്ദീപ് വാര്യര്‍ ആരോപിച്ചു.