സന്ദേശ്ഖാലി ബലാത്സംഗ കേസ്, തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖ് അറസ്റ്റിൽ

കൊൽക്കത്ത: സന്ദേശ്ഖാലിയിലെ ലൈം​ഗിക അതിക്രമക്കേസിലെ പ്രധാന പ്രതിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ ഷാജഹാൻ ഷെയ്ഖിനെ ഒടുവിൽ അറസ്റ്റ് ചെയ്ത് പോലീസ്. വ്യാഴാഴ്ച രാവിലെ നോർത്ത് പർ​ഗാനാസ് ജില്ലയിൽ നിന്നാണ് ഷാജഹാൻ അറസ്റ്റിലായത്.

സന്ദേശ്ഖാലിയിലെ ഭൂമി കൈയേറ്റം, സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തുടങ്ങിയ കേസുകളിലാണ് അറസ്റ്റ്. നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്ന് കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് ഷെയ്ഖ് ഷാജഹാനെ പൊലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്. 55 ദിവസമായി ഇയാൾ ഒളിവിലായിരുന്നു.

ഒളിവിൽ പോയ ഷാജഹാനെ പിടികൂടാത്തെ ബം​​ഗാൾ പോലീസിനെതിരെയും തൃണമൂൽ സർക്കാരിന്റെ നിഷ്ക്രിയത്വത്തിനെതിരെയും അതിരൂക്ഷ വിമർശനം ഉയർന്നിരുന്നു. തൃണമൂൽ ​ഗുണ്ടയെ മുഖ്യമന്ത്രി മമതാ ബാനർജി സംരക്ഷിക്കുകയാണെന്നായിരുന്നു ആക്ഷേപം.

2019ൽ മൂന്ന് ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയതുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് ഷെയ്ഖ് ഷാജഹാൻ‌. റേഷൻ–ഭൂമി കുംഭകോണങ്ങൾ‌, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ സംഭവങ്ങളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഇയാളുടെ പേരിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബംഗാളിൽ വൈദ്യുതി വകുപ്പ് ജീവനക്കാർക്കെതിരെ ആക്രമണം നടത്തിയ കേസിലും ഷെയ്ഖ് ഷാജഹാൻ പ്രതിയാണ്.