മീ ടൂ ആരോപണങ്ങളെക്കുറിച്ചും ഫെമിനിസത്തെക്കുറിച്ചും ഒന്നും പറയാനില്ലെന്ന് ശാന്തി കൃഷ്ണ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശാന്തി കൃഷ്ണ. ഒരിടവേളയ്ക്ക് ശേഷം മടങ്ങി എത്തിയ താരത്തിന് കൈ നിറയെ ചിത്രങ്ങളാണ്. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ ശാന്തി കൃഷ്ണ പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്. സിനിമ മേഖലയില്‍ ഉയര്‍ന്നുവരുന്ന മീ ടൂ ആരോപണങ്ങളെക്കുറിച്ചും ഫെമിനിസത്തെക്കുറിച്ചും ഒന്നും പറയാനില്ലെന്ന് നടി പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ താന്‍ ഇടപെടാറില്ലെന്നും അതിനെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

സിനിമ മേഖലയില്‍ അവകാശ ബോധത്തിലുണ്ടാകുന്ന മാറ്റത്തെക്കുറിച്ചും ഡബ്ല്യു.സി.സി പോലുള്ള സംഘടനകള്‍ ഉണ്ടായി വരുന്നതിനെക്കുറിച്ചുമുള്ള അഭിപ്രായം ചോദിച്ചപ്പോഴാണ് ശാന്തി കൃഷ്ണ ഇങ്ങനെയൊരു മറുപടി നല്‍കിയത്. ഇങ്ങനെയുള്ള ചോദ്യങ്ങളൊന്നും എന്നോട് ചോദിക്കരുത്, ഞാന്‍ ഫെമിനിസത്തിലൊന്നും ഇല്ല. ശാന്തി കൃഷ്ണ പറഞ്ഞു.

ഞാന്‍ അത്തരം കാര്യങ്ങളെക്കുറിച്ചൊന്നും സംസാരിക്കാറില്ല. തുല്യമായ അവകാശങ്ങളിലാണ് വിശ്വസിക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടും മര്യാദയും ബഹുമാനവും വേണം. സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ല, നമ്മള്‍ എല്ലാവരും മനുഷ്യരാണ്. ഒരാള്‍ക്ക് വേദനിക്കുന്നുണ്ടെങ്കില്‍ അത് സ്ത്രീക്കും പുരുഷനും ഒരുപോലെ തന്നെയായിരിക്കും. ഞാനാണ് സൂപ്പീരിയര്‍, നീ ഇന്‍ഫീരിയര്‍ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ജനറലൈസ് ചെയ്യാനും പാടില്ല. ഇക്കാര്യത്തില്‍ എന്റെ അഭിപ്രായം അതാണ്. സ്ത്രീകള്‍ എന്തെങ്കിലും ചെയ്താല്‍ പുരുഷന്മാര്‍ അതിനെ കുറ്റം പറയും എന്നൊന്നും ജനറലൈസ് ചെയ്യാന്‍ പാടില്ല. ശാന്തി കൃഷ്ണ കൂട്ടിച്ചേര്‍ത്തു.