വ്‌ളോഗര്‍ റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും; മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിന് പങ്കുണ്ടെന്ന നിഗമനത്തില്‍ പൊലീസ്

കോഴിക്കോട്: ദുബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോര്‍ട്ടും ഇന്ന് ലഭിക്കും. റിഫയുടെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിന് പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. റിഫയുടെ മകനെയും കുടുംബത്തെയും കാണാന്‍ വരാത്തതും അവരുമായി ബന്ധപ്പെടാത്തതും ഇക്കാരണത്താലാണെന്നാണ് അന്വേഷണ സംഘം കരുതുന്നത്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മെഹ്നാസിനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കേസ് അന്വേഷണം ദുബൈയിലേക്ക് കൂടി വ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. മെഹ്നാസിനെതിരെ നിലവില്‍ ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാല്‍ ഇതുവരെയും ചോദ്യം ചെയ്തിട്ടില്ല. ഇവരുടെ സുഹൃത്ത് ജംഷാദിനെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. ജംഷാദില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.

റിഫ മരിച്ച ഉടന്‍ തന്നെ മെഹ്നാസ് ലൈവ് വീഡിയോ ചെയ്തത് ദൂരൂഹത വര്‍ധിപ്പിക്കുന്നുവെന്ന് അഭിഭാഷകന്‍ പി.റെഫ്താസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മരണത്തിലെ ദുരൂഹത നീങ്ങുമെന്ന പ്രതീക്ഷയിലാണ് കുടുംബം. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. പരിശോധനയില്‍ കഴുത്തില്‍ ആഴത്തിലുള്ള അടയാളം കണ്ടെത്തിയിരുന്നു.