ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നവർ സ്ത്രീകൾക്ക് സ്വാതന്ത്ര്യം കൊടുക്കാത്തവർ- സന്തോഷ് പണ്ഡിറ്റ്

സിവിൽ കോഡിനെ എതിർക്കുന്നവർക്ക് മറുപടിയുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. സ്ത്രീകൾക്ക് തുല്യ പ്രാധാന്യം കൊടുക്കാത്ത ചില സമുദായങ്ങളാണ് യുണിഫോം സിവിൽ കോഡിനെ എതിർക്കുന്നത്. ഈ നിയമം തുല്യത ഉറപ്പാക്കുന്നതാണ്. സ്ത്രീകൾക്ക് സ്വത്തുക്കൾ കൊടുക്കാൻ മടിക്കുന്നവർ ഇതിനെതിരെ സംസാരിക്കും. യൂണിഫോം സിവിൽ കോഡിനെ മതത്തിലെ ചില നിയമങ്ങൾ വച്ച് എതിർക്കുന്നവർ ആ മതത്തിലുള്ള ശിക്ഷ നിയമങ്ങൾ നടപ്പാക്കണം എന്ന് പറഞ്ഞു കേൾക്കാറില്ല. ഇന്ത്യയിലെ നിയമങ്ങൾ ഇവിടെ പാലിക്കാൻ എല്ലാ പൗരന്മാരും ബാധ്യസ്ഥരാണ്. ഒരു സമയത്ത് ഒരു ഭാര്യ മതി എന്നതാണ് ചിലർ ഏകീകൃത സിവിൽ കോഡിനെ എതിർക്കാൻ കാരണം.ഇങ്ങനെ തന്റെ നിലപാടുകൾ വ്യക്തമാക്കി രംഗത്ത് വരികയാണ് പണ്ഡിറ്റ്

ഏകീകൃത സിവിൽ കോഡ് രാജ്യത്ത് നടപ്പാക്കുന്നത് നല്ലതാണെന്ന് സന്തോഷ് പണ്ഡിറ്റ്. ഏകീകൃത സിവിൽ കോഡ് എന്നത് പുതിയ ഒരു സംഭവമല്ല. ഇന്ത്യൻ ഭരണഘടനയിലുള്ള ഒരു നിയമമാണ് ഏകീകൃത സിവിൽ കോഡ് എന്നത്. വോട്ട് ബാങ്ക് രാഷ്‌ട്രീയം മുൻനിർത്തി പല സർക്കാരും അത് പാസാക്കിയില്ല എന്നതാണ് പ്രശ്‌നം. ഒരു പരിഷ്‌കൃത സമൂഹത്തിൽ വിവാഹം, വിവാഹമോചനം, കുട്ടികളെ ദത്തെടുക്കൽ, സ്വത്തവകാശം ഇതെല്ലാം ഒരേപോലെയെ നടത്താവൂ എന്നതാണ് ഈ നിയമത്തിൽ പറയുന്നത്.

ഏകീകൃത സിവിൽ കോഡ് വരുന്നതോടെ സമൂഹത്തിലും ജീവിതത്തിലും സ്ത്രീകളെ താഴ്‌ത്തി കെട്ടാൻ സാധിക്കില്ല. പുരുഷനും സ്ത്രീയ്‌ക്കും തുല്യ അവകാശമാണ് വേണ്ടത്. ഭരണഘടനയിലെ ആർട്ടിക്കിൾ 44 എല്ലാവരും പഠിക്കണം. ഇന്ത്യയിലെ ജനങ്ങൾ ഐക്യത്തോടെ ഒരേ നിയമത്തിൽ മുന്നോട്ട് പോകേണ്ടതുണ്ട്. ഡോ. അംബേദ്ക്കർ അടക്കമുള്ളവർ യൂണിഫോം സിവിൽ കോഡിന്റെ ആവശ്യകതയെപ്പറ്റി വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ നിമയത്തെ എന്തിനാണ് എതിർക്കുന്നത്.എന്നാണ് പണ്ഡിറ്റിന്റെ ചോദ്യം.

നിലവിലളള ക്രിമിനൽ നിയമങ്ങൾ100% വും സിവിൽ നിയമങ്ങളിൽ 99%വും ഇപ്പോൾ തന്നെ ഇന്ത്യയിൽ ഏകീകൃതമാണെന്നിരിക്കേ ഇക്കാര്യങ്ങളിൽ ഒന്നും ഒരു മുസ്ളീമിനും ഒഴിവ് കിഴിവ് ഇല്ല. അതായത് ബ്ലഡ് മണി കൊടുത്ത് ക്രിമിനൽ കേസിൽ നിന്നും ഊരി പോരാനാവില്ല. അത് പോലെ എത്ര വിശ്വാസി ആയാലും സിവിൽനിയമങ്ങളിലും തങ്ങളുടെ മതനിയമം പ്രയോഗിക്കാനാവില്ല. എന്നിട്ടും എന്ത് കൊണ്ട് ഈ നിയമങ്ങൾ കൂടി മുസ്ളീമിന് ഇസ്‌ലാമികമായത് വേണം എന്ന് അവർ വാശിപിടിക്കുന്നില്ല. എന്നാൽ ഇനിയും ഏകീകരിക്കാനുള്ള ഒരു ശതമാനം മാത്രമുള്ള സിവിൽ നിയമങ്ങളുടെ -അതായത്, വ്യക്തി നിയമങ്ങളുടെ കാര്യങ്ങളാകട്ടെ അവ പരിഷ്കരിച്ച് ഏകീകരിച്ചാലും അത് വിശ്വാസിയെ സംബന്ധിച്ച് – വിശ്വാസങ്ങളേയോ ആചാരങ്ങളേയോ ഒരുതരത്തിലും ബാധിക്കാത്തതുമാണ്. എന്നിട്ടും അതിനെ മാത്രം പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നത് ശുദ്ധ അസംബന്ധമാണ് !

ഉദാഹരണത്തിന് – ദത്തെടുക്കുന്നതിനെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല എന്നിരിക്കേ, ദത്തെടുക്കുന്നതിലുള്ള ഒരു പൊതു നിയമം എങ്ങനെയാണ് ഒരു മുസ്ളീമിനെ ബാധിക്കുന്നത് ?! ദത്തെടുക്കണമെന്ന് നിങ്ങളെ ആരെങ്കിലും നിർബന്ധിക്കുമോ ?നാലുകെട്ടിയാലേ മുസ്ളീമാകൂ എന്ന് ഇസ്‌ലാമിൽ എവിടെയും പറഞ്ഞിട്ടില്ല എന്നത് കൊണ്ട്തന്നെ ബഹുഭാര്യത്വത്തിൽ കൊണ്ടുവരുന്ന ഏതൊരു നിയമവും നിബന്ധനയും ഇസ്ലാമികവിശ്വാസത്തിന് എതിരാണെന്ന് പറയാൻ കഴിയില്ല.

പിന്നെ വരുന്നത് ഓഹരിവെപ്പിലെ തുല്യതയുടെ കാര്യം ആണ്. നിങ്ങളുടെ കുടുബത്തിനകത്ത് ഇക്കാര്യത്തിൽ പരസ്പരസമ്മതത്തോടെ ഇസ്‌ലാമിക അനന്തരാവകാശ നിയമം തന്നെ തുടർന്നും നടപ്പാക്കിയാലും അത് ചോദ്യം ചെയ്യാൻ ഒരു നിയമവും വരില്ല.
നിലവിൽ ഒരു മുസ്ളീം എഴുതി വെക്കുന്ന വിൽപത്രത്തിന് നിയമ സാധുത ഇല്ല. എന്നാൽ നിയമം ഏകീകരിക്കുന്നതോടെ ആ സൗകര്യം മറ്റുള്ളവരെ പോലെ മുസ്ളീമിനും ലഭ്യമാകും.. നിങ്ങളുടെ സ്വത്തുക്കൾ എങ്ങനെ ഭാഗിക്കണമെന്ന് എഴുതിവെക്കാനുള്ള അവസരമാണത്..