ശ്രീ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സാറ അലിഖാന്‍; വീഡിയോ വൈറല്‍

ഉജ്ജയിനിലെ ശ്രീ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബോളിവുഡ് നടി സാറ അലി ഖാന്‍. ക്ഷേത്രത്തില്‍ നിന്നുള്ള സാറയുടെ വീഡിയോ സോഷ്യല്‍മീഡി യയില്‍ വൈറലായി. പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്ന സാറയെ വീഡിയോയില്‍ കാണാന്‍ സാധിക്കും. പിങ്ക്‌നിറത്തിലുള്ള സാരി ധരിച്ചാണ് സാറ ക്ഷേത്രത്തില്‍ എത്തിയത്. സെയ്ഫ് അലി ഖാന്റേയും ആദ്യ ഭാര്യ അമൃത സിംഗിന്റയും ഏക മകളാണ് സാറ അലി ഖാന്‍. ഇസ്ലാമിക വിശ്വാസിയായ സാറ ക്ഷേത്ര ദര്‍ശനം നടത്തുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ താന്‍ ആളുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നാണ് സാറ വിമര്‍ശനങ്ങളോട് പ്രതികരിച്ചത്. വിശ്വാസം തന്റെ വ്യക്തിപരമായ കാര്യമാണ് അതില്‍ ഒരു തരത്തിലുള്ള വിമര്‍ശനങ്ങളും താന്‍ സ്വീകിരിക്കില്ലെന്നും സാറ പറഞ്ഞിരുന്നു. ‘ഞാന്‍ ബംഗ്ലാ സാഹിബിലോ മഹാകാലിലോ പോകുന്ന അതേ ഭക്തിയോടെ അജ്മീര്‍ ഷെരീഫിലേക്ക് പോകും.

ഞാന്‍ ദര്‍ശനം തുടരും. ആളുകള്‍ക്ക് എന്ത് വേണമെങ്കിലും പറയാം, എനിക്ക് ഒരു പ്രശ്നവുമില്ല. ഒരു സ്ഥലത്തിന്റെ ഊര്‍ജ്ജം നിങ്ങള്‍ക്ക് ഇഷ്ടപ്പെടണം. ഞാന്‍ ഊര്‍ജ്ജത്തില്‍ വിശ്വസിക്കുന്നു.’ സാറ പ്രതികരിച്ചു. അടുത്തിടെ റിലീസ് ആയ സാരാ ഹത്‌കെ സാരാ ബച്ച്‌കെ എന്ന സിനിമയുടെ വിജയം ആഘോഷിക്കുന്ന വേളയിലാണ് സാറ ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. ഇതാദ്യമായല്ല സാറ ക്ഷേത്രത്തില്‍ എത്തുന്നത്. നേരത്തെ മെയ് മാസത്തില്‍ സഹനടന്‍ വിക്കി കൗശലിനൊപ്പം നടി ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു.

സാംസ്‌ക്കാരികപരമായും മതപരമായും രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രം ആണ് മഹാകാലേശ്വര്‍. രുദ്രസാഗര്‍ തടാകകരയില്‍ സ്ഥിതി ചെയ്യുന്ന ദ്വാദശ ജ്യോതിര്‍ലിംഗങ്ങളില്‍പ്പെടുന്ന ശിവക്ഷേത്രം ആണ് ശ്രീ മഹാകാലേശ്വര്‍ ക്ഷേത്രം. ക്ഷേത്രത്തിലെ ശിവലിംഗം സ്വയംഭൂവാണ് എന്നാണ് കരുതുന്നത്. മഹാകാലേശ്വരന്‍ എന്ന പേരിലാണ് ശിവന്‍ ഇവിടെ അറിയപ്പെടുന്നത്. വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് വിശ്വാസികളാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്.