കടുത്ത മാനസിക സംഘര്‍ഷം, മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്ന് ആത്മഹത്യക്കുറിപ്പ്; യുവനടന്റെ മരണം വിഷം ഉള്ളില്‍ച്ചെന്ന്‌

കൊച്ചി; അങ്കമാലി ഡയറീസ് സിനിമയിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശരത് ചന്ദ്രനെ ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.വെള്ളിയാഴ്ച രാവിലെ പിറവം കക്കാട്ടിലെ വീട്ടിലാണു മൃതദേഹം കണ്ടത്. ഉറക്കമുണരാന്‍ താമസിച്ചതിനെ തുടര്‍ന്നു മാതാപിതാക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.

ആത്മഹത്യയാണെന്നാണ് പ്രഥമിക നി​ഗമനം. ശരത് ചന്ദ്രന്റെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. വീട്ടില്‍ നടത്തിയ പരിശോധനയില്‍, കിടക്കയില്‍ നിന്നാണ് പൊലീസിന് കത്ത് കിട്ടിയത്. മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് കത്തില്‍ പറയുന്നത്. കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായും കത്തിലുണ്ട്. വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്നാണ് കരുതുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായാലേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.

 അങ്കമാലി ഡയറീസിലൂടെയാണ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് കൂടെ, ഒരു മെക്സിക്കന്‍ അപാരത, സി.ഐ.എ. തുടങ്ങി ഏതാനും സിനിമകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വൈറ്റിലയില്‍ താമസിച്ചാണ് സിനിമ ചെയ്തുവന്നതെങ്കിലും ആറ് മാസമായി കക്കാട്ടിലെ വീട്ടിലായിരുന്നു. അവിവാഹിതനാണ്.