വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ച് നമ്പർപ്ലേറ്റ് മാറ്റി കറക്കം, യുവാക്കളെ കുടുക്കി പൊലീസ്

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച് നമ്പര്‍ പ്ലേറ്റ് മാറ്റി കറങ്ങി നടന്ന യുവാക്കളെ പോലീസ് പൊക്കി. ബത്തേരി കുപ്പാടി സ്വദേശികളായ കാഞ്ചിരം ചോലയില്‍ മുബഷീര്‍ (25), വിഷ്ണു നിവാസില്‍ ഹരിക്കുട്ടന്‍ എന്ന ജിഷ്ണു (23) എന്നിവരാണ് പിടിയിലായത്.

ജൂണ്‍ 25-ന് രാത്രിയില്‍ കുപ്പാടി കടമാന്‍ ചിറയ്ക്ക് സമീപത്തെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന അലിമോന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനം യുവാക്കൾ മോഷ്ടിച്ചു. മോഷണം പോയത് സുസുക്കി ആക്‌സിസ് സ്‌കൂട്ടറാണെന്ന് മനസിലാക്കിയ പൊലീസ് ഇത്തരം സ്‌കൂട്ടറുകളെ മാത്രം നിരീക്ഷിച്ചു.

തുടർന്ന് വ്യാജനമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് സ്‌കൂട്ടറില്‍ കറങ്ങി നടന്ന യുവാക്കൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ പ്രതികളെ പിന്തുടര്‍ന്ന് പൊലീസ് പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.