ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് വേണം, സെപ്തംബർ ഒന്നു മുതൽ പിഴ ഈടാക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി അടക്കമുള്ള ബസുകളിലും ടിപ്പർ ഉൾപ്പെടെ ലോറികളിലും സീറ്റ് ബെൽറ്റ് നിർബന്ധമാകുന്നു. സെപ്തംബർ ഒന്നു മുതൽ എല്ലാ ഹെവി വാഹനങ്ങളിലും ഡ്രൈവറും മുൻ സീറ്റിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണം. അല്ലാത്തപക്ഷം 500 രൂപ പിഴ ഈടാക്കും. ജനത്തെ പിഴിഞ്ഞെടുക്കുന്നുവെന്ന ആക്ഷേപവും ഇതിനോടൊപ്പം ഉയരുന്നുണ്ട്.

എഐ ക്യാമറ സംവിധാനം വിലയിരുത്താൻ മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന എം.വി.ഡി – കെൽട്രോൺ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് തീരുമാനം. കേന്ദ്രനിയമം അനുസരിച്ചാണ് നടപടി. ലോറികളിൽ മുമ്പിലിരിക്കുന്ന രണ്ടു യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണം. കെ.എസ്.ആർ.ടി.സി ബസുകളിൽ പഴയ രീതിയിലുള്ള സീറ്റുകളാണ്. ഇവയിൽ ബെൽറ്റ് ഘടിപ്പിക്കണം.

ബസുകളിൽ ക്യാബിനുണ്ടെങ്കിൽ മുൻവശത്തിരിക്കുന്ന രണ്ടുപേരും സീറ്റ് ബെൽറ്റ് ധരിക്കണം. ക്യാബിനില്ലാത്ത ബസാണെങ്കിൽ ഡ്രൈവർ മാത്രം ധരിച്ചാൽ മതി. എന്നാൽ, ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ തുടർ നടപടികൾ സർക്കാർ പ്രഖ്യാപിച്ച പ്രകാരം മുന്നേറുന്നില്ല. നിയമലംഘനങ്ങൾ കണ്ടെത്താനും കാലതാമസം കൂടാതെ ചെലാനുകൾ അയയ്ക്കാനും എം.വി.ഡിയുടെ കൺട്രോൾ റൂമുകളിൽ കെൽട്രോൺ കൂടുതൽ ജീവനക്കാരെ നിയമിക്കാനാണ് തീരുമാനം.