ഗുരുതര സാമ്പത്തിക പ്രതിസന്ധി, അടുത്ത വർഷവും ചെലവുകൾ വെട്ടിക്കുറയ്ക്കണമെന്ന് ധനവകുപ്പ്

തിരുവനന്തപുരം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനാല്‍ അടുത്ത വര്‍ഷവും ചെലവുകള്‍ വെട്ടിക്കുറയ്ക്കണമെന്ന് എല്ലാ വകുപ്പുകള്‍ക്കും ധനവകുപ്പിന്റെ മുന്നറിയിപ്പ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളം ഒഴികെയുള്ള ഒരു പദ്ധതിയിതര ചെലവും ഈ വര്‍ഷത്തേക്കാള്‍ കൂടരുതെന്നും ധനവകുപ്പ് ആവശ്യപ്പെട്ടു.

അടുത്ത വര്‍ഷത്തിലെ സംസ്ഥാന ബജറ്റിലേക്കുള്ള നിര്‍ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ടു ധനവകുപ്പ് ഇറക്കിയ സര്‍ക്കുലറിലാണ് മുന്നറിയിപ്പുള്ളത്. സര്‍ക്കാരിന് വരുമാനം കൂട്ടുവാന്‍ ഏതൊക്കെ മേഖലയില്‍ നിന്നും പണം പിരിഞ്ഞ് കിട്ടുവാനുണ്ടെന്ന് അറിയിക്കണം. വായ്പകള്‍ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാരണം വ്യക്തമാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ബജറ്റ് എസ്റ്റിമേറ്റില്‍ കൃത്യത പാലിക്കാണം പിന്നീട് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യകരുത്.

എല്ലാ മേഖലയിലും ചെലവ് ചുരുക്കല്‍ നടപ്പാക്കണം. ലാഭകരമല്ലാത്ത സ്‌കീമുകള്‍ നിര്‍ത്തലാക്കണമെന്നും ധനവകുപ്പ് ആവശ്യപ്പെടുന്നു. ഒരു പദ്ധതി നിര്‍ത്തലാക്കുമ്പോഴും അതിന് നിയോഗിച്ച ഉദ്യോഗസ്ഥരെ പുനര്‍ വിന്യസിക്കണം. അധികം വരുന്ന ജീവനക്കാരുടെ പട്ടിക പുറത്തിറക്കണം. സര്‍ക്കാര്‍ പ്രത്യേകം അംഗീകരിക്കാത്ത ഒരു പദ്ധതി നിര്‍ദേശവും ചീഫ് എന്‍ജിനീയര്‍മാര്‍ അയയ്‌ക്കെരുതെന്നും ധനവകുപ്പ് നിര്‍ദേശിക്കുന്നു.