മ്യൂസിയത്തില്‍ പ്രഭാത സവാരിക്കെത്തിയ യുവതിക്ക് നേരെ ലൈംഗിക അതിക്രമം

തിരുവനന്തപുരം. മ്യൂസിയത്തില്‍ പ്രഭാത സവാരിക്കെത്തിയ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടന്ന രണ്ട് ദിവസം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാതെ പോലീസ്. ബുധനാഴ്ച രാവിലെ അഞ്ച് മണിയോടെ പ്രഭാത സവാരിക്കെത്തിയ യുവതിക്ക് നേരെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്. പ്രതിയുടെ പിന്നാലെ യുവതി ഓടുന്നതും വീഴുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.

അക്രമി കാറില്‍ നിന്ന് ഇറങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്. പ്രഭാത സവാരിത്ത് നിരവധി പേരാണ് മ്യൂസിയത്തില്‍ എത്തുന്നത്. അതേസമയം സവാരിക്ക് എത്തുമ്പോള്‍ എതിര്‍ വശത്ത് നിന്ന് വരുന്ന വരെ അധികം ശ്രദ്ധിക്കാറില്ലെന്ന് യുവതി പറയുന്നു. അക്രമി പെട്ടെന്ന് വന്ന ആക്രമിക്കുകായിരുന്നു. ഒരു നിമിഷം അന്ധാളിച്ച് പോയി. ശേഷം പ്രതിക്ക് പിന്നാലെ ഓടി. സെക്യൂരിറ്റിയെ അറിയിച്ചു. പിന്നീട് സെക്യൂരിറ്റി മ്യൂസിയത്തിന് അകത്തെ പോലീസിനെ അറിയിക്കുകയായിരുന്നു.

പ്രതി മ്യൂസിയം വിട്ടിട്ടില്ലെന്ന് പറഞ്ഞെങ്കിലും അവര്‍ കേട്ടില്ല. പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചില്ല. കാര്‍ നമ്പര്‍ വെച്ച് കണ്ടെത്തുവാന്‍ കഴിയില്ലെ എന്ന് ചോദിച്ചപ്പോള്‍ മ്യൂസിയത്തിലെ പല ക്യാമറകളും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് അവര്‍ പറഞ്ഞതെന്ന് യുവതി പറയുന്നു.