പ്രവർത്തകയോട് ലൈംഗിക അധിക്ഷേപം, വീട്ടിലെത്തി കടന്നുപിടിക്കാൻ ശ്രമം, CPM ഏരിയാകമ്മിറ്റി അംഗത്തിന് സസ്പെൻഷൻ

ആറന്മുള: വീട്ടിലെത്തി പാർട്ടി പ്രവർത്തകയെ കടന്നുപിടിക്കാൻ ശ്രമിച്ച CPM ഏരിയാകമ്മിറ്റി അംഗത്തിന് സസ്പെൻഷൻ. കോഴഞ്ചേരി ഏരിയ കമ്മിറ്റി അംഗം ജേക്കബ് തര്യനെയാണ് പാർട്ടിയിൽനിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്. പാർട്ടി പ്രവർത്തകയോട് ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയിൽ ആറന്മുള പോലീസ് കേസെടുത്തതിന് പിന്നാലെയാണ് പാർട്ടിയും നടപടിയെടുത്തത്.

വീട്ടിലെത്തിയ യുവതിയോട് മോശമായി പെരുമാറിയെന്നും കടന്നുപിടിക്കാൻ ശ്രമിച്ചെന്നുമാണ് കേസ്. മറ്റാരും ഇല്ലാതിരുന്നപ്പോഴാണ് പ്രതി വീട്ടിലെത്തിയതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഐ.പി.സി. 164 പ്രകാരം മൊഴി കേൾക്കുന്നതിന് പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്.

മല്ലപ്പുഴശേരി ലോക്കൽ കമ്മിറ്റിക്ക് പ്രവർത്തകനൽകിയ പരാതിയിൽ സി.പി.എം. അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സി.പി.എം. ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാബു കോയിക്കലേത്ത്, ആർ. അജയകുമാർ, മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.ജി. ശ്രീലേഖ എന്നിവരെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. എന്നാൽ അന്വേഷണം ഫലംകാണുന്നില്ലെന്ന് മനസിലാക്കിയ യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു.