ശാഖയിലെ സംഘിസം സർവകലാശാലയിൽ വേണ്ട’, കാലടി സർവകലാശാലയിൽ ഗവർണറെ വിമർശിച്ച് എസ്എഫ്ഐ ബാനർ

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ എസ്എസ്ഐയുടെ ബാനർ. ‘ശാഖയിലെ സംഘിസം സര്‍വകലാശാലയില്‍ വേണ്ട ഗവര്‍ണറെ’ എന്നാണ് ബാനറിൽ എഴുതിയ വാചകം. സർവകലാശാലയുടെ പ്രധാന കവാടത്തിലാണ് ബാനര്‍ ഉയര്‍ന്നത്.

ഗവർണർ- സർക്കാർ പോരിൽ പ്രതിഷേധത്തിനിറങ്ങിയ എസ്എഫ്ഐയ്ക്കെതിരെ ശക്തമായ നിലപാടുമായി ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. ചാൻസലറായ ഗവർണറെ സർവകലാശാലകളില്‍ കയറ്റില്ലെന്നും എസ് എഫ് ഐ പ്രഖ്യാപിച്ചിരുന്നു.

ശനിയാഴ്ച കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണറുടെ പരിപാടി നടക്കാനിരിക്കുകയാണ്. ഇവിടെ ഗവര്‍ണര്‍ ആദ്യം താമസിക്കാന്‍ നിശ്ചയിച്ചിരുന്ന സ്ഥലം മാറ്റുകയും സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ഇരുവിഭാവും വിട്ടുവീഴ്ചയില്ലെന്ന നിലപാടില്‍ മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് കാലടിയില്‍ ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിക്കുന്ന ബാനര്‍ ഉയര്‍ന്നത്.

തനിക്കെതിരേയുള്ള എസ്എഫ്ഐ നീത്തെ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് കത്തുനല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണറുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടയുമെന്ന പ്രസ്താവന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ചട്ടങ്ങള്‍പ്രകാരം പോലീസ് മേധാവി നേരിട്ട് കൈകാര്യംചെയ്യണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. പ്രസ്താവന ഗവര്‍ണറെ ഭയപ്പെടുത്താനും ശാരീരികമായി കൈകാര്യംചെയ്യുകയെന്നത് ലക്ഷ്യംവെച്ചുള്ളതാണെന്നും കത്തില്‍ ആരോപിച്ചിട്ടുണ്ട്. അതിനിടെയാണ് ഗവര്‍ണറെ വീണ്ടും വെല്ലുവിളിച്ചുകൊണ്ടുള്ള എസ്.എഫ്.ഐയുടെ ബാനര്‍.