കെടിയു വിസി സ്ഥാനം ഏറ്റെടുക്കാനെത്തിയ സിസ തോമസിനെ തടഞ്ഞ് എസ്എഫ്‌ഐയും ജീവനക്കാരും

തിരുവനന്തപുരം. കേരള സാങ്കേതിക സര്‍വകലാശാലയില്‍ വിസി സ്ഥാനം ഏറ്റെടുക്കുവാന്‍ എത്തിയ ഡോ. സിസ തോമസിനെ എസ്എഫ്‌ഐ പ്രവര്‍ത്തകരും ജീവനക്കാരും ചേര്‍ന്ന് തടഞ്ഞു. സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളിക്കൊണ്ട് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം സിസയ്ക്ക് കെടിയു വൈസ് ചാന്‍സിലറുടെ താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് കെടിയു വിസി ഡോ. എംഎസ് രാജശ്രീയെ സ്ഥാനത്തുനിന്ന് നീക്കിയതിന് തുടര്‍ന്നാണ് പുതിയ ആള്‍ക്ക് ചുമതല നല്‍കിയത്.

പുതിയ വിസിയുടെ ചാര്‍ജ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്നോട്ട് വെച്ച ശുപാര്‍ശ ഗവര്‍ണര്‍ തള്ളുകയും സാങ്കേതിക വിദ്യാഭ്യാസ വുപ്പിന്റെ ജോയിന്റ് ഡയറക്ടറായ സിസ തോമസിനെ വിസിയുടെ ചുമതല നല്‍കുകയുമായിരുന്നു. തുടര്‍ന്ന് ചാര്‍ജ് എടുക്കുവാന്‍ സിസ എത്തിയപ്പോഴായിരുന്നു പ്രതിഷേധം.

ആദ്യം എസ്എഫ്‌ഐ പ്രവര്‍ത്തകരും പിന്നീട് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലും സിസ തോമസിനെ തടയുകയായിരുന്നു. പിന്നീട് സിസ ഓഫീസിലെത്തി കസേരയില്‍ ഇരുന്നു. കെടിയു രജിസ്ട്രാര്‍ സ്ഥലത്ത് ഇല്ലാത്തതിനാല്‍ അവര്‍ക്ക് ജോയിനിങ് റിപ്പോര്‍ട്ടില്‍ ഒപ്പുവെക്കാന്‍ കഴിഞ്ഞില്ല. ജോയിന്റ് രജിസ്ട്രാര്‍ മുഖേന രേഖകളില്‍ ഒപ്പിടാനുള്ള ശ്രമം നടക്കുന്നുണ്ട്.