സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു; മൂന്നു ദിവസങ്ങളിൽ ചികിത്സ തേടിയത് മുപ്പത്തി അയ്യായിരത്തിലധികം പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാംലം ആരംഭിച്ചതോടെ പനിയും പടരുന്നു. പനിബാധിച്ച് നിരവധി ആളുകളാണ് മരണത്തിന് കീഴടങ്ങുന്നത്. ഡെങ്കിയും എലിപ്പനിയുമാണ് മരണത്തിന് കാരണമാകുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ മാത്രം മുപ്പത്തി അയ്യായിരത്തിലധികം പേർ പനിക്ക് ചികിത്സ തേടി.

കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് ദിവസേനെ പനി ബാധിക്കുന്നവരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. ഇന്നലെമാത്രം ചികിത്സതേടിയത് 13258 പേർ. തിങ്കളാഴ്ച 12984 പേരും ചൊവ്വാഴ്ച 12876 പേരും ആശുപത്രികളിലെത്തി.

മൂന്ന് ദിവസം കൊണ്ട് 286 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. 30 പേർക്ക് എലിപ്പനിയും. 1211 രോഗികൾക്കാണ് മൂന്നാഴ്ച്ചക്കിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇക്കാലയളവിൽ തന്നെ 99 പേർക്ക് എലിപ്പനിയും വന്നു. ഡെങ്കിബാധിച്ച് 19 രോഗികൾ മരിച്ചതായാണ് സംശയം. എലിപ്പനി ലക്ഷണങ്ങളോടെ 10 രോഗികളും മരിച്ചു. അതായത് മൂന്നാഴ്ച്ചക്കിടെ മരിച്ചത് 29 രോഗികൾ. കൊതുകുജന്യരോഗങ്ങളായ എലിപ്പനിയും ഡെങ്കിപ്പനിയും പടരുന്നത് തടയാൻ അടുത്ത ആഴ്ച മുതൽ വെള്ളി, ശനി,ഞായർ ദിവസങ്ങൾ ശുചീകരണപ്രവർത്തനങ്ങൾക്കായി മാറ്റിവെക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.

വെള്ളിയാഴ്ച സ്കൂളുകളും ശനിയാഴ്ച ഓഫീസുകളും ഞായറാഴ്ച വീടുകളും ശുചിയാക്കി കൊതുകുനശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കും. സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകർക്ക് അടക്കം ആവശ്യമായ പരിശീലനം നൽകി പകർച്ചപ്പനി വ്യാപിക്കുന്നത് തടയാൻ ആരോഗ്യവകുപ്പും നടപടികളാരംഭിച്ചു. വീടിനകത്തും പുറത്തും കൊതുക് വളരുന്ന തരത്തിൽ വെള്ളം കെട്ടി നിർത്തരുത്. എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ എല്ലാവരും കഴിക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യർഥിച്ചു.