ചെറിയൊരു കുറ്റബോധത്തോടെ കൊള്ളാവുന്ന ഒരു ഫോൺ ഉമ്മക്ക് ഓർഡർ കൊടുത്തു, കുറിപ്പ്

ഉമ്മാക്ക് പുതിയ ഫോൺ മേടിച്ചു നൽകിയ കഥ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയാണ് ഷബീർ പിവി. ഉപ്പ ഗൾഫിൽ നിന്നും വിളിക്കുന്നതും വീട്ടിലെ ഫോണായും ഉപയോഗിച്ചത് ഉമ്മയുടെ ഫോണായിരുന്നു. കുറച്ചു ദിവസങ്ങളായി ഉമ്മ പരാതി പറയുന്നു സൗണ്ട് ശരിക്ക് കേൾക്കുന്നില്ല, ഉപ്പ വിളിക്കുമ്പോൾ പൊട്ടിയ സ്‌ക്രീനിലൂടെ ക്ലേശിച്ചാണ് പരസ്പരം വിഡിയോ കാൾ ചെയ്യുന്നതും.. അതെല്ലാം പെങ്ങടെ ചെക്കന്റെ സംഭാവന ആണ് . ഇനിയും നന്നാക്കിയാൽ വീണ്ടും അത് അവൻ കേടു വരുത്തും നിങ്ങൾ അടുക്കളേലും വെള്ളത്തിലൊക്കെ ശ്രദ്ധിക്കാതെ വച്ചിട്ടാണ് എന്ന മട്ടിൽ പിന്നെ നോക്കാം എന്ന് പറഞ്ഞു ഞാൻ കാര്യമായി അത് ശ്രദ്ധിച്ചിട്ടില്ലായിരുന്നു സത്യം പറഞ്ഞാൽ ശ്രദ്ധയിൽ ആ ഫോൺ പെടാറേ ഇല്ലായിരുന്നെന്ന് കുറിപ്പിൽ പറയുന്നു

ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ

മോനെ …. റൂമിന്റെ വാതിലിൽ വന്നു ഉമ്മ വിളിക്കുന്നു, ന്തെ ഉമ്മാ …വർക്ക് ചെയ്തോണ്ടിരിക്കുന്ന സ്‌ക്രീനിൽ നിന്നും മുഖമുയർത്തി ഞാൻ ചോദിച്ചു …ഉമ്മാന്റെ ഫോണൊന്നു നന്നാക്കി തര്യൊ ? പൊട്ടിയ ഡിസ്പ്ളേ ഉള്ള എന്റെ ഓഫിസ് ആവശ്യത്തിന് മുൻപ് ഉപയോഗിച്ച് പിന്നീട്
ഉമ്മാക്ക് നൽകിയ ഫോൺ ഉള്ളം കയ്യിൽ നീട്ടി ഉമ്മ ചോദിക്കുന്നു. അതിലാണ് ഉപ്പ ഗൾഫിൽ നിന്നും വിളിക്കുന്നതും വീട്ടിലെ ഫോണായും ഉപയോഗിച്ചത് …. അത് ഉയർത്തിപിടിച്ചോണ്ടാണ് ഉമ്മാന്റെ ചോദ്യം !ഇതല്ലേ ഉമ്മ ഈ അടുത്ത് നന്നാക്കിയേ പിന്നേം കേടായോ ? അല്പം നീരസത്തോടെയും ഇനിയും ഡിസ്പ്ളേ മാറ്റാൻ കാശ് കളയണമല്ലൊന്നും ഉള്ള സങ്കടം കൊണ്ടും ഞാൻ ചോദിച്ചു .

ഉമ്മ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു . കുറച്ചു ദിവസങ്ങളായി ഉമ്മ പരാതി പറയുന്നു സൗണ്ട് ശരിക്ക് കേൾക്കുന്നില്ല, ഉപ്പ വിളിക്കുമ്പോൾ പൊട്ടിയ സ്‌ക്രീനിലൂടെ ക്ലേശിച്ചാണ് പരസ്പരം വിഡിയോ കാൾ ചെയ്യുന്നതും.. അതെല്ലാം പെങ്ങടെ ചെക്കന്റെ സംഭാവന ആണ് . ഇനിയും നന്നാക്കിയാൽ വീണ്ടും അത് അവൻ കേടു വരുത്തും നിങ്ങൾ അടുക്കളേലും വെള്ളത്തിലൊക്കെ ശ്രദ്ധിക്കാതെ വച്ചിട്ടാണ് എന്ന മട്ടിൽ പിന്നെ നോക്കാം എന്ന് പറഞ്ഞു ഞാൻ കാര്യമായി അത് ശ്രദ്ധിച്ചിട്ടില്ലായിരുന്നു സത്യം പറഞ്ഞാൽ ശ്രദ്ധയിൽ ആ ഫോൺ പെടാറേ ഇല്ലായിരുന്നു …

ഈ അടുത്ത ദിവസം എന്റെ ഫോൺ ഒന്ന് നിലത്തു വീണു പൊട്ടി . സ്ക്രീൻ ഗാർഡ് ആണ് പൊട്ടിയതെന്നോർത്തു മാറ്റി ഇടാൻ ഊരിയപ്പൊഴയിരുന്നു ഫ്രണ്ട് കാമറയുടെ മുകളിലും ലാസ്റ്റ് കോര്ണറിലും നെടുനീളൻ വര ! ഇനി ഡിസ്‌പ്ലെ മാറ്റാതെ രക്ഷയില്ല ക്യാമറ ഓപ്പൺ ചെയ്യുമ്പോ ക്ലിയർ ഇല്ലാ ..പിറ്റേന്നുള്ള കമ്പനി കൺവെൻഷൻ വയനാട് ഒരു റിസോർട്ടിൽ വച്ചായിരുന്നു . പൊതുവെ നല്ല കാഴ്ചകളൊക്കെയുള്ള ആ റിസോർട്ടിൽ എല്ലാരും പ്രകൃതി രമണീയതയിൽ സ്വന്തം മുഖം ഒപ്പുമ്പോൾ ഞാൻ മാത്രം അന്നാദ്യമായി ഫോണും കീശയിലിട്ട് അതെല്ലാം നോക്കി കണ്ടു.അന്ന് വീട്ടിലെത്തി ചുമ്മാഉമ്മാന്റെ ഫോൺ ഒന്ന് എടുത്തു നോക്കി …അത്യവശ്യം നല്ല പരുക്കുകൾ ഉണ്ട് ..ഫ്രണ്ട് ക്യാമറയിലെ പുക മറയിൽ ചെറിയൊരു ഭാഗത്തിലൂടെ ആണ്

ഉമ്മ ഉപ്പാനെയും ഉപ്പ എല്ലാരേയും കണ്ടിരുന്നത് . ചെറിയൊരു കുറ്റബോധത്തോടെ ഞാൻ അന്ന് കൊള്ളാവുന്ന ഒരു ഫോൺ ഫ്ലിപ്പ്കാർട്ടിൽ നോക്കി ഓർഡർ കൊടുത്തു. ആ വിവരം ആരോടും പറഞ്ഞുമില്ല. ഇന്ന് ഫോൺ കിട്ടി സർപ്രൈസ് ആയി ഉമ്മാക്ക് കൊടുക്കാം എന്ന് വിചാരിച്ചു വീട്ടിലെത്തിയപ്പോൾ ഉപ്പാ വിഡിയോ കാളിൽ ഉമ്മാനെ വിളിച്ചു കൊണ്ടിരിക്കുവാരുന്നു . ഉപ്പാനോട് ഒരു സർപ്രൈസ് ഉണ്ട് രണ്ടാൾക്കും എന്ന് പറഞ്ഞു രണ്ടാൾടേം മുന്നിൽ നിന്ന് തന്നെ ഫോൺ അൻബൊക്സ് ചെയ്തു

ഉമ്മാക്ക് കൈമാറി …അത്ഭുതത്തോടെ അതിലേറെ സന്തോഷത്തോടെ ഉമ്മകണ്ണ് മിഴിക്കുന്നത് കണ്ടു. കണ്ടു നിന്ന ഉപ്പാക്കും സന്തോഷം . ഇതെല്ലാം കണ്ടു നിന്ന പെങ്ങൾ അതിനോടകം ഇക്കാക്ക ഉമ്മാന്റെ പഴേ ഫോണിനി എനിക്കുള്ളതാട്ടോ എന്നൊരു പ്രഖ്യപനവും നടത്തി എല്ലാരും സന്തോഷം പങ്കിടുമ്പോൾ ഞാൻ എന്റെ റൂമിലേക്ക് പോയി കീശയിൽ നിന്നെന്റെ ഫോണെടുത്തു സ്ക്രീനിലേക്ക് നോക്കി …..അതിലെ വരകളിലൂടെ വിരലോടിച്ചു …ഹൃദയം ചില്ല് പാത്രമാണ് ഒരിക്കൽ ഉടഞ്ഞാൽ ചേർത്ത് വച്ചാലും പൊട്ടലുകളും വിള്ളലുകളും പുറത്തു കാണും . നമ്മുടെ മാതാപിതാക്കൾ നമ്മുടെ ഉയർച്ചക്കും തളർച്ചക്കും കൂടെ നിന്നവർ …നമ്മുടെ ഒരുപാട് ആഗ്രഹങ്ങളെ ,വാശികളെ , നിറവേറ്റിയവർ നമുക്ക് അവരും അവർക്ക് നമ്മളെയുമുള്ളൂ … സ്നേഹിക്കുക ആവോളം …ചേർത്ത് നിർത്തുക കൂടെ തന്ന് NB; ഫോൺ EMI യിൽ വാങ്ങിയതാണ്