ശ്രദ്ധ വാൽക്കറുടെ കൊലപാതകം, 6,636 പേജുള്ള കുറ്റപത്രം സമർപ്പിച്ചു ; പ്രതിയെ പഴുതില്ലാതെ പൂട്ടി പോലീസ്

ന്യുഡൽഹി: ശ്രദ്ധ വാൽക്കർ കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ച് ഡൽഹി പോലീസ്. കൊലപാതകം നടന്ന് 75-ദിവസങ്ങൾക്ക് ശേഷം 6,636 പേജുള്ള കുറ്റപത്രമാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. ഫോറൻസിക്, ഇലക്ട്രോണിക് തെളിവുകൾ സഹിതം 100 സാക്ഷിമൊഴികളെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഛത്തർപൂരിലെ വനങ്ങളിൽ നിന്ന് ലഭിച്ച അസ്ഥികൾ ശ്രദ്ധ വാൽക്കറിന്റേതാണെന്ന് സ്ഥിരീകരിച്ച ഡിഎൻഎ റിപ്പോർട്ടാണ് കുറ്റപത്രത്തിൽ നിർണായകമായത്.

കുറ്റപത്രം അഭിഭാഷകന് നൽകുന്നതിനെ പ്രതിയായ അഫ്താബ് അമീൻ എതിർത്തിരുന്നു. അഫ്താബ് അമീന് രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടഞ്ഞതിനാലാണ് ഇക്കാര്യത്തിൽ എതിർപ്പ് ഉന്നയിച്ചത്. വീഡിയോ കോൺഫറൻസിലൂടെയാണ് കോടതിയിൽ അഫ്താബ് പ്രതികരിച്ചത്. പ്രതിയുടെ കസ്റ്റഡി കാലാവധി ഫെബ്രുവരി 7-വരെ നീട്ടിയിട്ടുണ്ട്.

കഴിഞ്ഞ മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലിവ്- ഇൻ-പാർട്‌നർ അഫ്താബ് അമീൻ പൂനവാലെ ശ്രദ്ധയെ നിഷ്ഠൂരമായി കൊലപ്പെടുത്തുകയായിരുന്നു. ശ്രദ്ധയെ 35 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിച്ചു. മാസങ്ങൾക്ക് ശേഷമാണ് വിവരം പുറംലോകമറിയുന്നത്.

അഴുകിയ ശരീരഭാഗങ്ങളും എല്ലുകളുടെ കഷ്ണങ്ങളും തെക്കൻ ഡൽഹിയിലെ വനങ്ങളിൽ നിന്ന് കണ്ടെടുത്തതാണ് കേസിലെ പ്രധാന വഴിത്തിരിവ്. ഇരുവരും താമസം ഡൽഹിയിലേക്ക് മാറിയത് മുതൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തുവെന്നും തർക്കത്തിനൊടുവിൽ ശ്രദ്ധയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അഫ്താബ് പോലീസിനോട് വെളിപ്പെടുത്തിയത്.