മോദി തന്നെ പറഞ്ഞിട്ടുണ്ട് കേരളത്തിലെ ജനങ്ങളെപ്പറ്റി, പിന്നെങ്ങനെ ജയിക്കുമെന്ന് ഷാഫി പറമ്പില്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും ബി.ജെ.പി പരാജയപ്പെട്ടതിനു പിന്നാലെ പരിഹാസവുമായി യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്ബില്‍ എം.എല്‍.എ. കേരളത്തിലെ ജനങ്ങള്‍ വിവേകവും വിദ്യാഭ്യാസവും ഉള്ളവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അതാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനോടുള്ള മറുപടിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

മോദിയുടെ പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ വാക്കുകള്‍ പങ്കുവച്ചുകൊണ്ടാണ് ഷാഫിയുടെ മറുപടി. പൂജ്യത്തെ മലയാളികള്‍ ഇത്രയും ഇഷ്ടപ്പെട്ട ഒരു കാലമുണ്ടായിട്ടുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മെട്രോമാന്‍ ഇ. ശ്രീധരനെ നിലംപരിശാക്കികൊണ്ടാണ് ഷാഫി പാലക്കാട് മണ്ഡലത്തില്‍ നിന്നും വീണ്ടും നിയമസഭയിലേക്കെത്തുന്നത്. 3859 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശ്രീധരനെ അദ്ദേഹം പരാജയപ്പെടുത്തിയത്. കേരളത്തിലെ ബി.ജെ.പിയുടെ അവസാന സീറ്റ് പ്രതീക്ഷയും ഇല്ലാതാക്കിയത് ഷാഫിയുടെ വിജയമായിരുന്നു. ബി.ജെ.പിയുടെ കേരളത്തിലെ ഒരോയൊരു സിറ്റിം​ഗ് സീറ്റായ നേമവും ഇത്തവണത്തെ തിരഞ്ഞെടുപ്പോടെ അവര്‍ക്ക് നഷ്ടമായിരുന്നു.