ഷാറുഖ് സെയ്ഫിക്ക് ഭീകരബന്ധമുണ്ട്, യുഎപിഎ ചുമത്തണമെന്ന് എൻഐഎ

ന്യൂഡല്‍ഹി. ട്രെയിനിലെ തീവെപ്പ് കേസില്‍ ഭീകര ബന്ധം സംശയിക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സി. കേസില്‍ പിടിയിലായ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ ഭീകരവിരുദ്ധ നിയമമായ യിഎപിഎ ചുമത്തണമെന്നും എന്‍ഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. സംഭവത്തില്‍ എന്‍ഐഎ ശക്തമായ ഇടപെടല്‍ നടത്തിയതോടെ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുവാന്‍ സാധ്യതകള്‍ വര്‍ധിച്ചു.

ഇത് സംഭന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട് നിര്‍ണായകമായിരിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ട്രെയിനിലെ തീവെപ്പ് സംബന്ധിച്ച് കേരള സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. അതേസമയം സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇത് വരെ റിപ്പോട്ട് നല്‍കിയിട്ടില്ല. പോലീസ് നടപടിക്രമങ്ങള്‍ പൂത്തിയാകാത്തതാണ് റിപ്പോര്‍ട്ട് വൈകുന്നതിന് കാരണം.

സംസ്ഥാനത്തിന്റെ റിപ്പോര്‍ട്ട് വൈകുന്നതിനിടെയാണ് എന്‍ഐഎ നേരിട്ട് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. എന്‍ഐഎ ഡിഐജി കാളിരാജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ കൊച്ചി യൂണിറ്റും ചെന്നൈ യൂണിറ്റും ആലോചിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയത്.

പ്രതിയെ ചോദ്യം ചെയ്യുന്ന കേരള പോലീസിലെ പ്രത്യേക സംഘവുമായി എന്‍ഐഎ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ വിശദാംശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. പ്രതി ട്രെയിനില്‍ അക്രമണം നടത്തിയതിന്റെ സ്വഭാവവും, സംഭവത്തിന് ശേഷം പ്രതി മുങ്ങിയതും, ചോദ്യം ചെയ്യലില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തുലും യുഎപിഎ ചുമത്താമെന്നാമ് എന്‍ഐഎ വിലയിരുത്തുന്നത്. ഷാരൂഖിന്റെ നീക്കങ്ങള്‍ ആസൂത്രിതമാണെന്നും പിന്നില്‍ വ്യക്തികളോ സംഘടനകളോ ഉണ്ടാകുമെന്നും കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്നു.