രാജ്യത്തിനു മുകളിൽ വിശ്വാസത്തെ സ്ഥാപിച്ചാൽ സ്വാതന്ത്ര്യം നഷ്ടപ്പെടും, അംബേദ്‌കറുടെ പ്രസംഗം പങ്കിട്ട് ഷെയ്ൻ നിഗം

രാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തില്‍ അംബേദ്‌കർ നടത്തിയ പഴയ പ്രസംഗം പങ്കിട്ട് നടൻ ഷെയ്ൻ നിഗം. കരട് ഭരണഘടനയുടെ മൂന്നാംവട്ട ചർച്ചകള്‍ക്കിടയില്‍ ഭരണഘടനാ സമിതിയെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ഷെയ്ൻ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.

നമ്മുടെ പഴയ ശത്രുക്കൾ പുതിയ രൂപങ്ങളിൽ വരാം എന്ന തലക്കെട്ടിലാണ് പത്രവാർത്ത. ‘ചരിത്രം ആവർത്തിക്കുമോ? അതെന്നെ ഉൽക്കണ്ഠാകുലനാക്കുന്നു. നമ്മുടെ പഴയ ശത്രുക്കൾ പുതിയ രൂപങ്ങളിൽ വരാം. ജാതിയുടെയും വിശ്വാസത്തിന്റേയും അടിസ്ഥാനത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ രൂപീകരിച്ചിരിക്കുന്നു. അവർ രാഷ്ട്രീയ വിശ്വാസങ്ങളിൽ ഏറ്റുമുട്ടാൻ പോവുന്നു. അവരുടെ വിശ്വാസത്തിനു മുകളിൽ രാഷ്ട്രത്തെ സ്ഥാപിക്കുമോ അതോ രാഷ്ട്രത്തിനു മുകളിൽ അവരുടെ വിശ്വാത്തെ സ്ഥാപിക്കുമോ? എന്നാൽ ഒരു കാര്യം ഞാൻ വ്യക്തമായി പറയാം. നമ്മുടെ രാഷ്ട്രീയപാർട്ടികൾ രാജ്യത്തിന് മുകളിൽ വിശ്വാസത്തെ സ്ഥാപിച്ചാൽ നമ്മുടെ സ്വാതന്ത്ര്യം എന്നെന്നേക്കുമായി നഷ്ടപ്പെടും. ഇത് നമ്മൾ എപ്പോഴും ഓർക്കണം. അവസാന രക്തത്തുള്ളിയും നൽകി സ്വാതന്ത്ര്യത്തെ നാം കാത്തൂസൂക്ഷിക്കണം’- എന്നാണ് അംബേദ്കറുടെ പ്രസംഗം.

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനത്തില്‍ മലയാളത്തിലെ സിനിമാ പ്രവർത്തകർ ഭരണഘടനയുടെ ആമുഖം പങ്കുവച്ച്‌ രംഗത്തെത്തിയപ്പോള്‍ ഷെയ്ൻ അംബേദ്‌കറിന്റെ പഴയ പ്രസംഗംതന്നെ പങ്കുവയ്ക്കുകയായിരുന്നു. ഇതേസമയം ഗായകൻ വിധു പ്രതാപും പ്രതികരണവുമായി രംഗത്തെത്തി. “മതം ഒരു ആശ്വസമാകാം, ആവേശമാകരുത്” എന്നായിരുന്നു വിധു പ്രതാപിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്.