ഭാഗ്യലക്ഷ്മിയുടെ പരാതി; സംവിധായകന്‍ ശാന്തിവിള ദിനേശ് അറസ്റ്റില്‍

കൊച്ചി: സംവിധായകന്‍ ശാന്തിവിള ദിനേശ് അറസ്റ്റില്‍. തനിക്കെതിരെ അപവാദ പരാമര്‍ശമുള്ള വീഡിയോ യൂ ട്യൂബില്‍ അപ്ലോഡ് ചെയ്തെന്ന നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ പരാതിലാണ് ശാന്തിവിള ദിനേശിനെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഭാഗ്യലക്ഷ്മി പരാതി നല്‍കിയിരുന്നു. ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്ത പൊലീസ് ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി താക്കീത് നല്‍കിയിരുന്നു. തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ശാന്തിവിള ദിനേശ് സോഷ്യല്‍ മീഡിയ വഴി നടത്തിയെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പരാതി. തുടര്‍ന്ന് വീഡിയോ നീക്കം ചെയ്തിരുന്നു.

നേരത്തെ ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ പരാതിയില്‍ മറ്റൊരു യൂ ട്യൂബറായ വിജയ് പി നായരെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം യൂ ട്യൂബ് വീഡിയോ വഴി അശ്ലീലം പറഞ്ഞ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.