കോട്ടയത്ത് ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി

കോട്ടയം. സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായ 9 പെണ്‍കുട്ടികലെ കണ്ടെത്തി. എറണാകുളം ഇലഞ്ഞിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയുടെ ബന്ധുവീട്ടിലാണ് ഇവര്‍ എത്തിയത്. ബസില്‍ യാത്ര ചെയ്താണ് ഇവര്‍ ഇലഞ്ഞിയിലെത്തിയത്. പോക്‌സോ കേസിലെ ഇരയടക്കമുള്ള 9 പെണ്‍കുട്ടികളാണ് ഇന്ന് രാവിലെ കാണാതായത്.

രാവിലെ 5.30ന് പെണ്‍കുട്ടികളെ വിളിക്കുവാന്‍ ചെന്നപ്പോള്‍ പെണ്‍കുട്ടികള്‍ കടന്ന് കളഞ്ഞുവെന്ന വിവരം ലഭിക്കുന്നത്. 12 പെണ്‍കുട്ടികള്‍ ഇവിടെ താമസിക്കുന്നുണ്ട്. പോക്‌സോ അടക്കമുള്ള കേസുകളിലും കുടുംബ പ്രശ്‌നങ്ങളിലും അകപ്പെട്ട പെണ്‍കുട്ടികളാണ് ഇതില്‍ മിക്കവരും.

മഹിളാ സമഖ്യ എന്‍ജിഒ നടത്തുന്ന ഈ സ്വകാര്യ ഷെല്‍ട്ടര്‍ ഹോമിന് ശിശുക്ഷേമ സമിതിയുടെ അംഗീകാരമുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളിലായി പെണ്‍കുട്ടികള്‍ ഇവിടെ പ്രതിഷേധം നടത്തിയതായിട്ടാണ് വിവരം. ഇവരെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയേക്കും. സുരക്ഷാ വീഴ്ച പോലീസ് പരിശോധിക്കും.