ഭര്‍ത്താവ് മരിച്ച് മൂന്നാം നാള്‍ കാമുകനൊപ്പം പോയി, മൂത്ത മകനെ കൊന്ന് ഇളയ മകനെ പീഡിപ്പിച്ചു; കാമുകന്റെ ക്രൂരത

തിരുവനന്തപുരം: തൊടുപുഴയില്‍ അമ്മയുടെ കാമുക​ന്റെ ക്രൂര മര്‍ദ്ദനത്തിനിരയായി മരിച്ച ഏഴുവയസുകാരന്റെ പിതാവി​ന്റെ മരണവും കൊലപാതകമെന്ന് ക്രൈംബ്രാഞ്ച്. 2018 മെയ് 23ന് ആണ് ഏഴുവയസുകാരന്റെ പിതാവായ ബിജു ഭാര്യവീട്ടില്‍ മരണപ്പെടുന്നത്. അന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നത് ഹൃദയാഘാതം മൂലമാണ് മരണം എന്നതായിരുന്നു.എന്നാല്‍ ബിജുവിന്റെ പിതാവ് ബാബുവിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് കഴുത്തു ഞെരിച്ചുള്ള കൊലപാതകം ആണെന്ന് വ്യക്തമായത്.

ഭാര്യയുടെ അമ്മയുടെ നുണപരിശോധനയ്ക്ക് ഇതുവരെ കോടതിയുടെ അനുമതി ലഭിച്ചിട്ടില്ല. ബിജുവിന്റെ മരണശേഷം കാമുകനായ അരുണ്‍ ആനന്ദിനൊപ്പം താമസം ആരംഭിച്ച യുവതിയുടെ മൂത്ത കുട്ടിയെ കാമുകന്‍ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ഇളയ സഹോദരനായ നാലു വയസുകാരനെ പീഡിപ്പിച്ച കേസില്‍ അരുണ്‍ ആനന്ദിന് ഇന്നലെ മുട്ടം പോക്സോ കോടതി 21 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്നാണ് കേസില്‍ പുതിയ വിവരങ്ങള്‍ പുറത്ത് വരുന്നത്. ബിജുവിന്റെ പിതാവ് ബാബുവിന്റെ സഹോദരിയുടെ മകനാണ് അരുണ്‍ ആനന്ദ്. പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞെന്നും അന്വേഷണം തുടരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഭാര്യയും അമ്മയും ചേര്‍ന്നു കൊലപ്പെടുത്തിയെന്നാണ് ബിജുവിന്റെ കുടുംബം ആരോപിക്കുന്നത്.

ബിജു മരിച്ചു മൂന്നാം നാള്‍ യുവതി അരുണ്‍ ആനന്ദിനൊപ്പം പോകണമെന്നു പറഞ്ഞിരുന്നു. അരുണ്‍ ആനന്ദിന് ഈ കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ബിജുവിന്റെ കുടുംബം എതിര്‍ത്തിട്ടും യുവതി കുട്ടികളുമായി അരുണിനൊപ്പം പോയതാണ് കുടുംബത്തിനു സംശയം ഉണ്ടാക്കിയത്. കുട്ടികള്‍ തുടര്‍ച്ചയായി പീഡനത്തിനിരയായതും സംശയം വര്‍ധിപ്പിച്ചു. ഹൃദയാഘാതമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, ബിജുവിന് ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നത് കുടുംബത്തിന് സംശയം ഉണ്ടാക്കി.

യുവതി അരുണിനൊപ്പം താമസം ആരംഭിച്ചതിനുശേഷമാണ് ബിജുവിന്റെ കുടുംബം മുഖ്യമന്ത്രിയുടെ ഓഫിസില്‍ പരാതി നല്‍കിയത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. കട്ടിലില്‍നിന്നു വീണു പരുക്കേറ്റെന്നു പറഞ്ഞാണ് 2019 മാര്‍ച്ച്‌ 28ന് ഏഴുവയസുകാരനെ യുവതിയും അരുണും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നത്. സംശയം തോന്നിയ ഡോക്ടര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റി.

ഉറക്കത്തില്‍ കട്ടിലില്‍ മൂത്രമൊഴിച്ചതിനാണ് കുട്ടിയെ അമ്മയുടെ സുഹൃത്തായിരുന്ന തിരുവനന്തപുരം കവടിയാര്‍ സ്വദേശി അരുണ്‍ ക്രൂരമായി മര്‍ദിച്ചതെന്നു പിന്നീട് വ്യക്തമായി. കുട്ടിയുടെ കാലില്‍ പിടിച്ചു ഭിത്തിയിലേക്കു അടിക്കുകയായിരുന്നു. കുമാരമംഗലത്തെ വാടക വീട്ടില്‍വച്ചായിരുന്നു അക്രമം. ഏഴുവയസുകാരന്റെ സഹോദരനെയും അരുണ്‍ പീഡിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇതേതുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പോക്സോ ചുമത്തിയത്.

ഏഴു വയസുകാരന്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുമ്ബോഴാണ് ഇളയകുട്ടി ലൈംഗിക അതിക്രമത്തിനു വിധേയമായത്. കുട്ടി കൊല്ലപ്പെട്ട കേസില്‍ അമ്മയെയും അറസ്റ്റു ചെയ്തെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. കേസില്‍ ഉടുമ്ബന്നൂര്‍ സ്വദേശിയായ യുവതി രണ്ടാം പ്രതിയായിരുന്നു. കുറ്റകൃത്യം മറച്ചുവച്ചു, പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു അറസ്റ്റ്. കുട്ടി കൊല്ലപ്പെട്ട കേസില്‍ 2019 ജൂണിലും ഇളയ കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജൂലൈയിലും കുറ്റപത്രം സമര്‍പിച്ചു. കുട്ടി കൊല്ലപ്പെട്ട കേസില്‍ വിചാരണ ഉടന്‍ ആരംഭിക്കും.