ശ്രദ്ധ വാക്കർ കൊലക്കേസിലെ കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ന്യൂഡൽഹി. ശ്രദ്ധ വാക്കർ കൊലക്കേസിലെ കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപ്പെടുത്തിയ ശേഷം ശ്രദ്ധയുടെ മുഖം വെൽഡിംഗ് മെഷീൻ ഉപയോഗിച്ച് വികൃതമാക്കിയതായിട്ടാണ് അഫ്താബ് പൂനാവാല പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ശ്രദ്ധയുടെ അസ്ഥികൾ കത്തിക്കുകയും പൊടിക്കുകയും ചെയ്തുവെന്ന് പറഞ്ഞത് പോലീസിനെ തെറ്റിദ്ധരിപ്പിക്കാ നായിരുന്നുവെന്നും അഫ്താബ് വെളിപ്പെടുത്തുന്നു.

പോലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. കൊലപാതകം നടന്ന ദിവസം രാത്രി അഫ്താബ് അടുത്തുള്ള ഒരു ഹാർഡ്വെയർ ഷോപ്പിലെത്തി മൂന്ന് ബ്ലേഡുകൾ, ഒരു ചുറ്റിക, പ്ലാസ്റ്റിക് ക്ലിപ്പുകൾ എന്നിവ വാങ്ങിയെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

കുറ്റപത്രത്തിലെ മറ്റു വിവരങ്ങൾ ഇങ്ങനെ: കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതിൽ പിന്നെ ശ്രദ്ധയുടെ മൃതദേഹം കുളിമുറിയിലേക്ക് മാറ്റി. ആദ്യം അവളുടെ കൈകൾ മുറിച്ച് ഒരു പോളിത്തീൻ ബാഗിൽ സൂക്ഷിച്ചു. തന്റെ അടുക്കളയുടെ താഴത്തെ കാബിനറ്റിൽ ശരീര ഭാഗങ്ങൾ അടങ്ങിയ ബാഗുകൾ വെച്ചു. തൊട്ടടുത്ത ദിവസം, പുലർച്ചെ രണ്ട് മണിയോടെ, ഛത്തർപൂർ വനമേഖലയിൽ ശ്രദ്ധയുടെ ശരീരത്തിന്റെ തുടയുടെ ഭാഗം സംസ്‌കരിച്ചു.

അടുത്ത 4-5 ദിവസങ്ങളിൽ, അഫ്താബ് ശരീരം 17 കഷണങ്ങളാക്കി മാറ്റുകയാണ് ഉണ്ടായത്. ശരീരഭാഗങ്ങൾ പിന്നീട് ഓരോന്നായി നീക്കം ചെയ്തു. ശ്രദ്ധയുടെ തലയും മുഖവും വികൃതമാക്കാൻ ഒരു വെൽഡിംഗ് മെഷീൻ ഉപയോഗപ്പെടുത്തി. അവളുടെ തലമുടി മുറിച്ചു, ശരീരഭാഗങ്ങളെല്ലാം അടുത്തുള്ള വനത്തിലേക്ക് വലിച്ചെറിഞ്ഞു. ശ്രദ്ധ വാക്കറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആഫ്താബ് പൂനാവാല അവളുടെ ശരീരം 35 കഷണങ്ങളാക്കി വലിച്ചെറിയുകയായിരുന്നു. 300 ലിറ്റർ ഫ്രിഡ്ജിൽ മൂന്നാഴ്ചയോളം മൃതദേഹ ഭാഗങ്ങൾ സൂക്ഷിക്കുകയുണ്ടായി. മെയ് മാസത്തിലാണ് വാക്കർ കൊല്ലപ്പെടുന്നത്.

2019-ൽ ഒരു ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെടുന്ന ഇരുവരും കുറച്ചുകാലം മുംബൈയിൽ താമസിച്ചതിന് ശേഷം ഡൽഹിയിൽ ഒരുമിച്ച് താമസം തുടങ്ങി. അഫ്താബും ശ്രദ്ധയും തമ്മിൽ വഴക്കുണ്ടാക പതിവായിരുന്നു. വീട്ടുചെലവുകൾ, വിശ്വാസവഞ്ചന, മറ്റ് പ്രശ്‌നങ്ങൾ എന്നിവയെ ചൊല്ലിയാണ് വഴക്കുകളെന്നും പോലീസ് കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്.