സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കും, ബെംഗളൂരുവിൽ ഞായറാഴ്ച നിയമസഭാകക്ഷിയോഗം

ബംഗളുരു . സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായേക്കുമെന്നു റിപ്പോർട്ടുകൾ. ഹൈക്കമാൻഡിന്റേതാണ് തീരുമാനമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ഇത് സംബന്ധിച്ച് എംഎൽഎമാരുടെ അഭിപ്രായം ആരായും. കോൺഗ്രസ് നിയമസഭാകക്ഷിയോഗം ഞായറാഴ്ച ബെംഗളൂരുവിൽ ഇതിനായി ചേരുന്നുണ്ട്.

കർണാടകയിലെ വിജയത്തിന് പിന്നാലെ ആര് മുഖ്യമന്ത്രിയാകണമെന്ന ചർച്ച കോൺഗ്രസിൽ നടക്കുകയാണ്. ഡി.കെ.ശിവകുമാറിന്റെ തന്ത്രങ്ങളും സിദ്ധരാമയ്യയുടെ ജനപ്രീതിയുമാണ് കർണാടകയിൽ വിജയം നേടിക്കൊടുത്തതെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. അതിനാൽ തന്നെ മുഖ്യമന്ത്രി കസേരക്കായി രണ്ടുപേരും ഉന്നയിക്കുന്ന അവകാശവാദം പാർട്ടിനേതൃത്വത്തിന് തല്ലാൻ കഴിയില്ല. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പ്രതികരണം ഈ സൂചന നൽകുന്നുണ്ട്.

ജയിച്ചു വന്നവരിൽ ആരൊക്കെ സിദ്ധരാമയ്യയ്ക്കും ഡി.കെ.ശിവകുമാറിനുമൊപ്പം നിൽക്കുന്നു എന്നതാണ് കോൺഗ്രസ് നേതൃത്വം നോക്കുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇത് അവസാന അങ്കമായിരിക്കുമെന്ന സിദ്ധരാമയ്യയുടെ മുന്നേ കൂട്ടിയുള്ള പ്രഖ്യാപനം മുഖ്യമന്ത്രി പദം മോഹിച്ച് ഉള്ളതാണെന്ന അഭിപ്രായവും ഉണ്ട്. സിദ്ധരാമയ്യയുടെ ആവശ്യം അംഗീകരിച്ചു കൊടുക്കാൻ ഹൈക്കമാൻഡ് തയാറായാൽ അഞ്ചുവർഷവും സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി കസേര കിട്ടും. അതല്ല ഡി.കെ.ശിവകുമാർ കടുംപിടുത്തം പിടിക്കുകയാണെങ്കിൽ രണ്ടര വർഷം വീതം അധികാരം പങ്കിട്ട് നൽകുന്ന കാര്യം കോൺഗ്രസിനു ആലോചിക്കേണ്ടി വരും.