സിദ്ധാർഥന്റെ മരണം, സിബിഐക്ക് രേഖകൾ കൈമാറാൻ വൈകി, ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കു സസ്പെൻഷൻ

തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണം സംബന്ധിച്ച കേസ് സിബിഐക്ക് കൈമാറി വിജ്ഞാപനം ഇറക്കിയിട്ടും അനുബന്ധ രേഖകൾ കൈമാറാൻ വൈകിയ മൂന്നു വനിതാ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, സെക്‌ഷൻ ഓഫിസർ, അസിസ്റ്റന്റ് എന്നിവരെയാണ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ആഭ്യന്തര സെക്രട്ടറി ഇവരോട് വിശദീകരണം ചോദിച്ചിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം ഈ മാസം 9 തീയതിയാണ് സർക്കാർ ഇറക്കിയത്. എന്നാൽ, പ്രോഫോമ റിപ്പോർട്ട് അഥവാ കേസിന്റെ മറ്റ് വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ട് നൽകിയിരുന്നില്ല. പ്രോഫോമ റിപ്പോർട്ട് വൈകിയെങ്കിൽ അതിന് ഉത്തരവാദി ആരെന്ന് കണ്ടെത്തണമെന്ന് ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകുകയായിരുന്നു. തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായത്. ഒമ്പതിന് കൈമാറേണ്ട രേഖകൾ 16ാം തീയതാണ് കൈമാറിയത്. രേഖകൾ കൈമാറാൻ വൈകിയ കാരണം താഴെതട്ടിലുള്ള ഉദ്യോഗസ്ഥർ സർക്കാരിനെ അറിയിച്ചിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

സിബിഐ അന്വേഷണം സർക്കാർ വൈകിപ്പിക്കുന്നു എന്ന് സിദ്ധാർഥന്റെ കുടുംബം ആരോപിച്ചതിനു പിന്നാലെ അന്വേഷണത്തിന്റെ വിശദാംശങ്ങൾ അടങ്ങിയ രേഖകൾ സിബിഐക്ക് കൈമാറിയിട്ടില്ലെന്ന വിവരവും പുറത്തുവന്നു. രേഖകൾ ലഭിക്കാത്തതിനാൽ സിബിഐക്ക് അന്വേഷണ വിഷയത്തിൽ തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി