രാഷ്ട്രീയത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ല, മത്സരിക്കാന്‍ മിടുക്കരായ കഴിവുള്ളവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടെന്ന് സിദ്ദിഖ്

കൊച്ചി. ആലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി നടന്‍ സിദ്ദിഖ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിദ്ദിഖ് മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഒരു അടിസ്ഥാനവുമില്ലാത്തതാണ് ഇത്തരം പ്രചാരണം എന്നാണ് സിദ്ദിഖ് പറയുന്നത്. തന്നോട് മത്സരിക്കണം എന്നാവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ലെന്ന് സിദ്ദിഖ് പറയുന്നു.

രാഷ്ട്രീയത്തിലേക്ക് താനൊരിക്കലും പ്രവേശിക്കില്ലെന്നും. കുറച്ച് ദിവസങ്ങളായി താന്‍ ഇത്തരം വാര്‍ത്തകള്‍ കാണുന്നു. പുറത്തുവരുന്ന വാര്‍ത്തകളില്‍ സത്യമില്ല. കോണ്‍ഗ്രസില്‍ നിന്ന് ആരെങ്കിലും തന്നെ സമീപിക്കുകയോ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളോ നടന്നിട്ടില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി. എങ്ങനെയാണ് വാര്‍ത്ത പ്രചരിച്ചതെന്ന് അറിയില്ല.

രാഷ്ട്രീയത്തിലേക്ക് വരാന്‍ എന്തെങ്കിലും ശ്രമം താന്‍ മുമ്പ് നടത്തിയിട്ടില്ല. അങ്ങനെ ഒരു ചിത്രപോലും ഇല്ല. എന്നാല്‍ തനിക്ക് രാഷ്ട്രീയ കാഴ്ചപ്പാടുകളും നിലപാടുകളുമുണ്ട്. താന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മിടുക്കരായവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തന്നെയുണ്ട്. താന്‍ ജോലി ചെയ്യുന്ന മേഖല വളരെ സുരക്ഷിതമാണ്. അര്‍ഹിക്കുന്നതിനേക്കള്‍ വലിയ സ്ഥാനം അവിടെ ലഭിക്കുന്നുണ്ടെന്നും സിദ്ദിഖ് പ്രതികരിച്ചു.