സിദ്ധാർത്ഥിന്റെ മരണം, കേസിൽ മൊത്തം 21 പ്രതികൾ, എഫ്ഐആ‌ർ സമർപ്പിച്ച് സി ബി ഐ

മാനന്തവാടി: പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥന്‍റെ മരണം സംബന്ധിച്ച സി ബി ഐ കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ചു. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് സി ബി ഐ സിദ്ധാർഥൻ കേസിലെ എഫ് ഐ ആ‌ർ സമർപ്പിച്ചത്. ആകെ 21 പ്രതികളെ ഉൾപ്പെടുത്തിയാണ് എഫ് ഐ ആർ ഇട്ടിരിക്കുന്നത്.

കൊലപാതകം അടക്കമുള്ള വകുപ്പുകൾ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടില്ല. കേസന്വേഷണത്തിന്‍റെ പുരോഗതി അനുസരിച്ചാകും വകുപ്പുകൾ കൂട്ടിച്ചേർക്കുക. സിബിഐ ദില്ലി സ്പെഷ്യൽ യൂണിറ്റ് 2 ആണ് കേസ് അന്വേഷിക്കുന്നത്.

സീനിയര്‍ വിദ്യാര്‍ത്ഥികളും സഹപാഠികളും ചേര്‍ന്ന് ശാരീരികമായും മാനസികമായും സിദ്ധാര്‍ത്ഥനെ ക്രൂരമായി പീഡിപ്പിച്ചെന്നും ഇതില്‍ മനംനൊന്താണ് സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കിയതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വെള്ളിയാഴ്ചയാണ് കേസന്വേഷണം സിബിഐ ഏറ്റെടുത്തത്.

ഫെബ്രുവരി 16ന് രാവിലെ 9 മണി മുതല്‍ സിദ്ധാര്‍ത്ഥന് നേരെ ആരംഭിച്ച പീഡനം ഫെബ്രുവരി 17, 2 മണി വരെ തുടര്‍ന്നിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സഹപാഠികളും സീനിയര്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ ബെല്‍റ്റ് കൊണ്ടും കൈ കൊണ്ടും മര്‍ദ്ദിച്ചിരുന്നു.
ഇതെല്ലാം സിദ്ധാര്‍ത്ഥനെ മാനസിക സമ്മര്‍ദ്ദത്തിലാക്കി. കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ തനിക്ക് കഴിയില്ലെന്ന് സിദ്ധാര്‍ത്ഥന് തോന്നി. ഇതോടെ ജീവനൊടുക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് സിദ്ധാര്‍ത്ഥന് തോന്നിയിരിക്കാം,പോലീസ് ആദ്യം അസാധാരണ മരണത്തിനാണ് കേസെടുത്തിരുന്നത്. തുടര്‍ന്ന് കോളേജിലെ ആന്റി-റാഗിംഗ് സ്‌ക്വാഡ്, മറ്റ് വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയതോടെയാണ് സിദ്ധാര്‍ത്ഥന് നേരെ ശാരീരിക-മാനസിക പീഡനമുണ്ടായിട്ടുണ്ടെന്ന് വ്യക്തമായത്,” റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്വേഷണം സിബിഐയ്ക്ക് കൈമാറിയതോടെ 21 പേര്‍ക്കെതിരെ വയനാട് വൈത്തിരി പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ച എഫ്‌ഐആര്‍ വെള്ളിയാഴ്ചയോടെ സിബിഐ വീണ്ടും രജിസ്റ്റര്‍ ചെയ്തു. ക്രിമിനല്‍ ഗൂഢാലോചന, ആത്മഹത്യാപ്രേരണ, ആന്റി-റാഗിംഗ് നിയമം എന്നിവ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സിബിഐ അന്വേഷണ സംഘം ഉടന്‍ തന്നെ സംസ്ഥാനത്തെത്തുന്നതാണ്.