സിദ്ദിഖിന്റെ ഏക ദുഖം ഇളയമകളെയോർത്ത്, തങ്ങളുടെ മരണശേഷം മകളെ ആരു നോക്കുമെന്ന ആശങ്ക സിദ്ദിഖിനെ അലട്ടി

കുടുംബത്തെ കുറിച്ചും അവരുടെ വിശേഷങ്ങളെ കുറിച്ചും ഒന്നും വിട പറഞ്ഞ സംവിധായകൻ അധികമൊന്നും വെളിപ്പെടുത്തിയിട്ടില്ല. കാക്കനാട് പള്ളിക്കരയിലെ വീട്ടിൽ ഭാര്യയും മൂന്നു പെൺമക്കൾക്കും ഒപ്പം കുടുംബസമേതമാണ് അദ്ദേഹം താമസിച്ചിരുന്നത്. മൂത്ത രണ്ടു മക്കളെ വിവാഹം കഴിപ്പിച്ച് അയച്ച ശേഷം ഇളയ മകളും ഭാര്യയും സിദ്ദിഖും മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്.

മൂത്തമകൾ സുമയ്യയ്ക്ക് ബിഎയ്ക്കും എംഎയ്ക്കും റാങ്ക് ഉണ്ടായിരുന്നു. സെന്റ് തെരാസാസ് കോളേജിലായിരുന്നു പഠിച്ചത്. രണ്ടാമത്തെ മകൾ സാറ എംകോം ബിരുദധാരിയാണ്. നന്നായി ചിത്രം വരയ്ക്കുകയും ചെയ്യും. സിദ്ദിഖിന്റെ കലാവാസന ചിത്രരചനയായാണ് രണ്ടാമത്തെ മകൾ സാറയ്ക്ക് ലഭിച്ചത്. ഇളയ മകൾ സുകൂൺ ഒരു സ്പെഷ്യൽ കിഡ്ഡാണ്. അതുകൊണ്ടു തന്നെ സ്പെഷ്യൽ സ്‌കൂളിലാണ് സുകൂൺ പഠിക്കുന്നതും. സുകൂൺ ആണ് സിദ്ദിഖിന് എന്നും വേദനയായിട്ടുള്ളത്. തന്റെയും സജിതയുടെയും കാലശേഷം സുകൂണിനെ ആരു നോക്കും എന്നത് വലിയ ചോദ്യചിഹ്നമായി തന്നെ അവശേഷിച്ചിരുന്നു. എന്നാൽ മൂത്ത രണ്ടു പെൺമക്കൾക്ക് ഭർത്താക്കന്മാരായി എത്തിയവർ സിദ്ദിഖിന്റെ ആശങ്കയ്ക്ക് പരിഹാരം കണ്ടെത്തുന്നതായിരുന്നു.

സ്വന്തം അനിയത്തിയായി തന്നെ അവർ സുകൂണിനെയും സ്നേഹിക്കുന്നു. അവരുടെ കുടുംബത്തോടൊപ്പം ചേർത്തുവച്ച് നോക്കുന്നു. പരിചരിക്കുന്നു. ആശുപത്രിയിലായിരുന്ന കാലയളവിൽ പോലും സിദ്ദിഖ് പറഞ്ഞതും സംസാരിച്ചതുമെല്ലാം മക്കളെ കുറിച്ചായിരുന്നു. ഉപ്പയെ പോലെ സ്നേഹിക്കാനും ജീവിക്കാനും പഠിച്ചവാണ് അവർ മൂന്നു പെൺമക്കളും. അതുകൊണ്ടു തന്നെ പണവും ആഢംബരവുമൊന്നും അവർക്ക് മുന്നിൽ ഒന്നുമല്ല. പരസ്പരം താങ്ങായും തണലായും ജീവിക്കുന്ന അവർക്കരികിൽ സിദ്ദിഖിന്റെ ഇളയ മകൾ എന്നും സുരക്ഷിതയായിരിക്കും. അക്കാര്യത്തിൽ സിദ്ദിഖിന്റെ ആത്മാവ് പോലും ആശങ്കപ്പെടേണ്ട കാര്യമില്ല.