താമിർ ജിഫ്രിയുടെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും

മലപ്പുറം : താനൂരിൽ പോലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം സിബിഐയ്‌ക്ക് വിട്ടു. അന്വേഷണം സിബിഐക്ക് കൈമാറാനുള്ള ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു. ലഹരിക്കേസിൽ പിടിയിലായ താമിർ ജിഫ്രി ആഗസ്റ്റ് ഒന്ന് പുലർച്ചെയാണ് പോലീസ് കസ്റ്റഡിയിൽ മരിച്ചത്. സംഭവത്തെ തുടർന്ന് എട്ട് പോലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.

അതേസമയം താമിർ കസ്റ്റഡിയിലിരിക്കെ മർദ്ദനമേറ്റിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. 21 മുറിവുകളാണ് ജിഫ്രിയുടെ ശരീരത്തിലുണ്ടായിരുന്നത്. ഇടുപ്പ്, കാൽപാദം, പുറം ഭാഗം എന്നിവിടങ്ങളിലായി നിരവധി പാടുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൃത്യമായി രേഖപ്പെടുത്തിയിരുന്നു.
ഇതാണ് കേസിൽ പോലീസിനെ വെട്ടിലാക്കിയത്.

ഇതോടൊപ്പം കൊല്ലപ്പെട്ട യുവാവിന്റെ ആമാശയത്തിൽ നിന്നും ലഹരിവസ്തുവിന്റെ രണ്ട് പാക്കറ്റുകൾ കണ്ടെടുത്തു. ഇതിൽ ഒന്ന് പൊട്ടിയ നിലയിലായിരുന്നു. അമിത അളവിൽ ലഹരി വസ്തു ശരീരത്തിൽ എത്തിയതും കസ്റ്റഡിയിലെ മർദ്ദനവും കാരണമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോട്ടം റിപ്പോർട്ടിലുളളത്. മരിച്ച് 12 മണിക്കൂറിന് ശേഷമാണ് യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് എത്തിച്ചുവെന്നതും യഥാർത്ഥ മരണകാരണം കണ്ടെത്താൻ വെല്ലുവിളിയാകും.