അയ്യോ എന്നൊരു അവസ്ഥയില്‍ ആയി പോയി, ജ്യോത്സന പറയുന്നു

പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ വേണ്ടി സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ സംഭവിച്ച അബദ്ധത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഗായിക ജ്യോത്സന. പാണ്ടിപ്പട എന്ന സിനിമയ്ക്ക് വേണ്ടി ഗാനം ആലപിക്കാന്‍ ചെന്നപ്പോഴുണ്ടായ സംഭവമാണ് ഗായിക പറയുന്നത്. ചായ കൊണ്ടുവരാന്‍ പറഞ്ഞത് സിനിമയുടെ സംവിധായകനോട് ആയിരുന്നു എന്നാണ് ജ്യോത്സന പറയുന്നത്.

സിനിമയുടെ സംവിധായകരില്‍ ഒരാളായ റാഫിയോട് ആളറിയാതെ ചായ ചോദിച്ച രസകരമായ അനുഭവമാണ് ഗായിക സംഗീത റിയാലിറ്റി ഷോയില്‍ വെളിപ്പെടുത്തിയത്. അന്ന് സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ പേര് അറിയാമെങ്കിലും ഇന്നത്തെ പോലെ എങ്ങനെയാണ് ഇരിക്കുന്നതെന്ന് അറിയില്ലായിരുന്നു. പാണ്ടിപ്പടയ്ക്ക് വേണ്ടി പാട്ട് പാടാന്‍ വന്നതായിരുന്നു താന്‍. സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ ചായ കുടിക്കാന്‍ ഭയങ്കര ആഗ്രഹം തോന്നി.

അപ്പോള്‍ സോഫയില്‍ ഒരു ആള്‍ ഇരിക്കുന്നുണ്ട്. താന്‍ അദ്ദേഹത്തിനോട് പോയി ചോദിച്ചു. ‘ചേട്ടാ, ഒരു ചായ കിട്ടുമോ’ എന്ന്. അദ്ദേഹം അപ്പോള്‍ തന്നെ പോയി ഒരു ചായ കൊണ്ട് തന്നു. എന്നിട്ട് പറഞ്ഞു, ‘ഞാന്‍ ഈ സിനിമയുടെ സംവിധായകന്‍ ആണ്’, എന്ന്. അയ്യോ എന്നൊരു അവസ്ഥയില്‍ ആയി പോയി താന്‍ എന്നാണ് ജ്യോത്സ്‌ന പറയുന്നത്.