52കാരി 30കാരനുമായി പ്രണയം, കാര്യമറിഞ്ഞ സഹോദരി ഭര്‍ത്താവ് വീട്ടമ്മയെ കൊലപ്പെടുത്തി

കൊല്ലം: വിവാഹ മോചിതയായ 52കാരി മുപ്പത് വയസുകാരനുമായി അടുത്തതിനെ ചൊല്ലിയുണ്ടായ കലഹത്തിനൊടുവില്‍ വീട്ടമ്മയെ സഹോദരി ഭര്‍ത്താവ് കൊലപ്പെടുത്തി. കൊല്ലം കുണ്ടറയിലാണ് സംഭവമുണ്ടായത്. പേരായം സ്വദേശി രാധികയാണ് കൊല്ലപ്പെട്ടത്. കേസില്‍ സഹോദരി ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

52കാരിയായ രാധിക ഭര്‍ത്താവുമായി വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു. അടുത്തിടെ ഇവര്‍ മുളവന സ്വദേശിയായ 30 കാരനുമായി അടുപ്പത്തിലായി. ഇതിനെ ചൊല്ലി തര്‍ക്കങ്ങളും കലഹങ്ങളും വീട്ടില്‍ സ്ഥിരമായിരുന്നു. കഴിഞ്ഞ ദിവസവും ഇതേചൊല്ലിയുള്ള കലഹത്തിനിടെ രാധികയുടെ സഹോദരി ഭര്‍ത്താവായ ലാല്‍ കുമാര്‍ ഇവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

രാധികയ്ക്ക് ഒപ്പമാണ് സഹോദരി ഷീബയും ഭര്‍ത്താവ് ലാല്‍കുമാറും ജീവിച്ചിരുന്നത്. രാധികയും യുവാവും തമ്മിലുള്ള ബന്ധം രാധികയുടെ സഹോദരിയായ ഷീബ ചോദ്യം ചെയ്തിരുന്നു. ഇതറിഞ്ഞ യുവാവ് ഷീബയെ ആക്രമിക്കുകയും ചെയ്തു. യുവാവിനെ പിന്നീട് പോലീസ് പിടികൂടുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇതറിഞ്ഞ രാധിക തന്റെ പേരിലുള്ള വീട്ടില്‍ നിന്നും ഇറങ്ങി പോകണമെന്ന് ഷീബയോടും ഭര്‍ത്താവ് ലാല്‍കുമാറിനോടും ആവശ്യപ്പെട്ടു. ഈ വിരോധമാണ് കോലപാതകത്തിലേക്ക് നയിച്ചത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയം നോക്കി ലാല്‍കുമാര്‍ കഴുത്തില്‍ ഷാള്‍ മുറുക്കി രാധികയെ കൊലപ്പെടുത്തുകയായിരുന്നു.