ഉത്തരക്കടലാസുകള്‍ കോളേജില്‍ നിന്ന് കടത്തിയിരുന്നതായി സമ്മതിച്ച് ശിവരഞ്ജിത്ത്

 

സര്‍വ്വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കോളേജില്‍ നിന്ന് കടത്തിയിരുന്നതായി ശിവരഞ്ജിത് പൊലീസിനോട് സമ്മതിച്ചു. ഉത്തരക്കടലാസുകള്‍ കോളേജിലെത്തിച്ച് ഇറക്കിവച്ചപ്പോഴാണ് കടത്തിക്കൊണ്ടുപോയത്.

ഉത്തരക്കടലാസ് കടത്തിയ കേസില്‍ തെളിവെടുപ്പിനായി ശിവരഞ്ജിത്തിനെ ഇന്ന് കോളേജിലേക്ക് കൊണ്ടുവന്നിരുന്നു. അപ്പോഴാണ് താന്‍ കുറ്റം ചെയ്തതായി ശിവരഞ്ജിത് പൊലീസിനോട് സമ്മതിച്ചത്. ഉത്തരക്കടലാസുകള്‍ എവിടെനിന്നാണ് എടുത്തതെന്നും ശിവരഞ്ജിത് പൊലീസുകാര്‍ക്ക് കാട്ടിക്കൊടുത്തു.

ശിവരഞ്ജിത് പരീക്ഷയെഴുതിയ ഉത്തരക്കടലാസുകള്‍ ലഭിക്കാന്‍ പൊലീസ് തിങ്കളാഴ്ച യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് കത്ത് നല്‍കും. ഉത്തരകടലാസുകള്‍ കയ്യെഴുത്ത് പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്കയക്കുമെന്നും പൊലീസ് പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 16 കെട്ട് ഉത്തരക്കടലാസുകള്‍ കണ്ടെത്തിയിരുന്നു. ഇത് സര്‍വ്വകലാശാലയില്‍ നിന്ന് യൂണിവേഴ്‌സിറ്റി കോളേജിന് നല്‍കിയതാണെന്ന് പരീക്ഷാ കണ്‍ട്രോളര്‍ സ്ഥിരീകരിക്കുയും ചെയ്തു. ഇതോടെയാണ് സര്‍വ്വകലാശാല പരീക്ഷയില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന വിവരം പുറത്തുവന്നത്.