സിപിഐയും സിപിഎമ്മും തമ്മില്‍ തെറ്റിക്കാന്‍ ആരും നോക്കേണ്ട- കോടിയേരി

സിപിഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റാല്‍ ഞങ്ങള്‍ക്ക് മര്‍ദനമേറ്റതിന് തുല്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഞങ്ങള്‍ സഹോദരപാര്‍ട്ടികളാണ്. ആരും തമ്മില്‍ തെറ്റിക്കാന്‍ നോക്കേണ്ടെന്നുംഅദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ ചില സിപിഐ പ്രവര്‍ത്തകര്‍ക്ക് പോലീസ് മര്‍ദ്ദനമേല്‍ക്കാനിടയായ സംഭവം നിര്‍ഭാഗ്യകരമാണെന്ന്‌പൊലീസ് നടപടി സംബന്ധിച്ച വിമര്‍ശനം മുഖ്യമന്ത്രിയെ സിപിഐ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ തക്കസമയത്ത് ഇടപെട്ടിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി.

ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പ്രശ്‌നത്തില്‍ ഇടപെടുകയും ജില്ലാ മജിസ്‌ട്രേട്ടായ കലക്ടറെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ പ്രതീക്ഷിച്ചതുപോലെ കാനം രാജേന്ദ്രന്‍ പ്രതികരിച്ചില്ല. അതുകൊണ്ട് കാനത്തെ മോശക്കാരനായി ചിത്രീകരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഈ വ്യക്തിഹത്യ ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. ഈ വിഷയം പറഞ്ഞ് സിപിഐഎമ്മിനെയും സിപിഐയെയും തമ്മില്‍ തെറ്റിക്കാന്‍ ആരും നോക്കേണ്ട. ഇരുപാര്‍ടികളും തമ്മില്‍ നല്ല ബന്ധമാണ് നിലനില്‍ക്കുന്നത്. അത് തകര്‍ക്കാര്‍ ആരും ശ്രമിക്കേണ്ടന്നും കോടിയേരി പറഞ്ഞു.ഫെയ്സ്ബുക്കിലാണ് കോടിയേരി ഇക്കാര്യങ്ങള്‍ കുറിച്ചത്.