സ്ഥലംമാറ്റം ആവശ്യപ്പെട്ടു ആറു മാസം പ്രായമുള്ള കുഞ്ഞിനെ മന്ത്രിയുടെ കാൽക്കീഴിൽ കിടത്തി പ്രതിഷേധം, ജീവനക്കാരന് അനുകൂല ഉത്തരവ്

സ്ഥലംമാറ്റം ആവശ്യപ്പെട്ട് നിരവധി തവണ അധികൃതരെ ബന്ധപ്പെട്ട ഡ്രൈവര്‍ക്ക് ഒടുവില്‍ അനുകൂല ഉത്തരവ്. തമിഴ്നാട് മന്ത്രിയുടെ കാലില്‍ വീണപേക്ഷിച്ച സര്‍ക്കാര്‍ ഡ്രൈവര്‍ കണ്ണനാണ് മുഖ്യമന്ത്രി സ്റ്റാലിന്റെ ഇടപെടലില്‍ സ്ഥലംമാറ്റം ലഭിച്ചത്.

മന്ത്രിക്കു മുന്നിൽ കൈക്കുഞ്ഞുമായി പ്രതിഷേധിച്ച ജീവനക്കാരന് അനുകൂല ഉത്തരവ്. ഗാന്ധിപുരം ടാൻസ്പോർട്ട് ഓഫീസിൽ ജോലി ചെയ്യുന്ന തേനി സ്വദേശി എസ്.കണ്ണനാണു തന്റെ ആറു മാസം പ്രായമുള്ള കുഞ്ഞിനെ മന്ത്രിയുടെ കാൽക്കീഴിൽ കിടത്തി പ്രതിഷേധിച്ചത്. തുടർന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇടപെടുകയും ഇയാളുടെ ആവശ്യപ്രകാരം ജന്മനാടായ തേനിയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു.

തമിഴ്നാട് തേനി സ്വദേശിയായ കണ്ണൻ കോയമ്പത്തൂർ ഡിപ്പോയിലാണ് ജോലിനോക്കിയിരുന്നത്. ഭാര്യ മുനിത ഡെങ്കിപ്പനി ബാധിച്ചു മരിച്ചെന്നും കുഞ്ഞിനെ നോക്കാൻ സ്വന്തം സ്ഥലത്തേക്കു മാറ്റം അനുവദിക്കണമെന്നുമായിരുന്നു കണ്ണന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ടു മന്ത്രിക്കും വകുപ്പു മേധാവിക്കും മുൻപു നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ലെന്നു കണ്ണൻ പറഞ്ഞു.

തുടർന്ന് പൊതുപരിപാടിക്കിടെ ആറു മാസം പ്രായമായ കുഞ്ഞുമായെത്തി മന്ത്രിയുടെ കാൽക്കീഴിൽ കിടത്തി പ്രതിഷേധിച്ചത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സ്റ്റാലിൻ ഇടപെട്ടത്.