നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ തുറന്നു, ബൈക്ക് മറിഞ്ഞ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ ശ്രദ്ധയില്ലാതെ പെട്ടെന്ന് തുറന്നതിനെ തുടര്‍ന്ന് ബൈക്ക് ഇടിച്ച് അപകടം. സംഭവത്തില്‍ ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം മൂന്ന് പേര്‍ക്ക് പരുക്ക് പറ്റി.

തെങ്കുറിശ്ശി തുപ്പാരക്കളം എ സതീഷിന്റെ മകള്‍ വിസ്മയ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം ഉണ്ടായത്. പാലക്കാട് പാലാട്ട് ജംക്ഷനിലാണ് അപകടം സംഭവിച്ചത്.

സതീഷ് ഓടിച്ച ബൈക്കില്‍ ഭാര്യ നിമിഷ, മകള്‍ വിസ്മയ, മറ്റൊരു മകള്‍ അമേയ എന്നിവരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ സതീഷിനും നിമിഷയ്ക്കും അമേയയ്ക്കും പരുക്ക് പറ്റി. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് സതീഷ്. നിമിഷയുടെയും അമേയയുടെയും പരുക്ക് ഗുരുതരമല്ല. ക്ഷേത്രത്തിലും പാര്‍ക്കിലും പോയി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.