ഡിജിറ്റൽ രൂപയുടെ ചെറുകിട ഇടപാടിന് രാജ്യത്ത് തുടക്കം, 1.71 കോടി അനുവദിച്ച് റിസർവ് ബാങ്ക്

ന്യൂഡൽഹി. രാജ്യത്ത് ഡിജിറ്റൽ കറൻസിയുടെ ചില്ലറ ഇടപാടിന് തുടക്കം കുറിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ഇടപാടിനായി നാല് ബാങ്കുകൾക്ക് 1.71 കോടി രൂപ റിസർവ് ബാങ്ക് അനുവദിച്ചു നൽകി. എസ്ബിഐ, ഐസിഐസിഎ, യെസ് ബാങ്ക്, ഐഡിഎഫ്‌സി, ഫെസ്റ്റ് ബാങ്ക് എന്നീ ബാങ്കുകൾക്കാണ് ഇടപാടുകൾക്കായി ഇ-രൂപ അനുവദിച്ച് നൽകിയിരിക്കുന്നത്. മുംബൈ, ഡൽഹി, ബംഗളൂരു, ഭുവനേശ്വർ എന്നീ നഗരങ്ങളിലാണ് ഇടപാടുകൾ നടത്താൻ കഴിയുക.

ബാങ്കുകളുടെ പണലഭ്യത, ചെറുകിട ഇടപാടുകാരുടെ ആവശ്യം എന്നിവ കണക്കിലെടുത്ത് കൂടുതൽ ഡിജിറ്റൽ രൂപ അനുവദിക്കുകയെന്ന് ആർബിഐ അറിയിച്ചു. തെരുവ് കച്ചവടക്കാർ മുതൽ വൻകിട വ്യാപാരികൾ വരെ ഇടപാടുകൾ ആരംഭിച്ചുകഴിഞ്ഞു. ഭക്ഷ്യവിതരണ ആപ്പുകളിലും വരും ദിവസങ്ങളിൽ ഇ-രൂപ സ്വീകരിച്ച് തുടങ്ങും. 50,000 കച്ചവടക്കാരെയും ഉപഭോക്താക്കളെയും ദിവസങ്ങൾക്കുള്ളിൽ ഇടപാടുകളിൽ ഉൾപ്പെടുത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

രണ്ടോ മൂന്നോ ആഴ്ചയ്‌ക്കുള്ളിൽ രണ്ടാംഘട്ടമായി നാല് ബാങ്കുകളെ കൂടി ഇ-രൂപ വിനിമയത്തിൽ ഉൾപ്പെടുത്തും. ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ചഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് ചേരുക. രണ്ടാം ഘട്ടത്തിൽ അഹമ്മദാബാദ്, ഗാംങ്‌ടോക്ക്, ഗുവാഹട്ടി, ഹൈദരാബാദ്, ഇൻഡോർ, കൊച്ചി, ലക്‌നൗ, പട്‌ന, ഷിംല എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും. വിപണിയിലുള്ള രൂപയുടെ അതേ മൂല്യമുള്ള ഡിജിറ്റൽ ടോക്കണിന്റെ രൂപത്തിലാണ് ഇടപാട് നടക്കുക. അച്ചടിച്ച രൂപയും ലോഹ രൂപത്തിലുള്ള കോയിനും ഒഴിവാക്കുന്നു എന്ന വ്യതാസം മാത്രമാണ് ഡിജിറ്റൽ രൂപ ഇടപാടിൽ ഉള്ളത്.