ഇന്ത്യൻ കോസ്റ്റ് ഗാർഡ് വളഞ്ഞതോടെ 10 കോടിയുടെ സ്വർണം കടലിലെറിഞ്ഞു കള്ളക്കടത്തുകാർ,സ്കൂബാ സംഘം മുങ്ങിയെടുത്തു

ചെന്നൈ. ശ്രീലങ്കയിൽ നിന്ന് നാടൻ ബോട്ടിൽ കള്ളക്കടത്തുകാർ കടത്തി കൊണ്ട് വന്ന പത്ത് കോടി വിലമതിക്കുന്ന സ്വർണം ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് വളഞ്ഞതോടെ കടലിലേക്ക് എറിഞ്ഞു. മധുരക്ക് സമീപം രാമനാഥപുരത്താണ് സംഭവം. ശ്രീലങ്കയിൽ നിന്ന് നാടൻ ബോട്ടിൽ സ്വർണം കടത്തുകയായിരുന്നു സംഘം.

ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടിയപ്പോൾ രാമനാഥപുരം ജില്ലയിലെ മണ്ഡപം തീരത്ത് ഇവർ സ്വർണം കടലിൽ എറിഞ്ഞു. സ്വർണം വീണ്ടെടുക്കാൻ കോസ്റ്റ് ഗാർഡ് സ്‌റ്റേഷൻ സ്‌കൂബാ ഡൈവർമാരെ വിന്യസിച്ചു. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ സ്കൂബാ സംഘം സ്വർണം കടലിൽ നിന്ന് വീണ്ടെടുക്കുകയായിരുന്നു.

കള്ളക്കടത്തുകാർ കടലിൽ ഉപേക്ഷിച്ച 10.5 കോടി രൂപ വിലമതിക്കുന്ന 17.74 കിലോ സ്വർണം ആണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് വീണ്ടെടുത്തത്. ഇന്ത്യൻ കോസ്റ്റ് ​ഗാർഡും ഡിപ്പാർട്ട്‌മെന്റ് ഓഫ് റവന്യൂ ഇന്റലിജൻസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മൂന്ന് പേർ ചേർന്ന് നടത്തിയ സ്വർണക്കടത്ത് നീക്കം തകർത്തത്.

ശ്രീലങ്കയിൽ നിന്ന് മണ്ഡപം തീരത്തേക്ക് സ്വർണം കടത്തുന്നതായി റവന്യൂ ഇന്റലിജൻസ് വിഭാഗത്തിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടർന്നാണ് പരിശോധന നടത്തിയത്. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, മയക്കുമരുന്ന്, ബീഡി ഇലകൾ, വളങ്ങൾ, വസ്ത്രങ്ങൾ എന്നിവയും അനധികൃതമായി കടത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. കോസ്റ്റ് ഗാർഡ് സ്റ്റേഷൻ ഡിആർഐയുടെ സംയുക്ത സംഘത്തോടൊപ്പം ഒരു ഇന്റർസെപ്റ്റർ ബോട്ട് വിന്യസിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി ഇന്റർസെപ്റ്റർ ബോട്ട് സംശയാസ്പദമായി കണ്ട ഒരു ബോട്ട് തടഞ്ഞുനിർത്തി. എന്നാൽ ബോട്ടിൽ തിരച്ചിൽ നടത്തിയപ്പോൾ കള്ളക്കടത്തുകാർ സ്വർണം കടലിൽ എറിഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതോടെ തീരസംരക്ഷണ സേന പ്രദേശം വളയുകയും സ്കൂബ ഡൈവർമാരെ വിന്യസിക്കുകയും ഉണ്ടായി. തുടർന്ന് മുങ്ങൽ വിദഗ്ദർ കടലിന്റെ അടിത്തട്ടിൽ നിന്ന് സ്വർണം കണ്ടെത്തുകയായിരുന്നു. 17.74 കിലോഗ്രാം തൂക്കമുള്ള സ്വർണക്കട്ടികൾ കണ്ടെത്തി. ബോട്ടും ജീവനക്കാരായ നാഗൂർ കാണി (30), സാഗുബർ സാദിക് (22), മുഹമ്മദ് സമീർ (29) എന്നിവരെ മറൈൻ പൊലീസിന് കൈമാറിയിരിക്കുകയാണ്.