തുർക്കിയിൽ നിലം പൊത്തിയ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 6 വയസ്സുകാരിയെ രക്ഷിച്ച് ഇന്ത്യൻ സംഘം – VIDEO

ന്യൂ ഡൽഹി. തുർക്കിയിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിനുള്ളിൽ നിന്ന് ആറുവയസ്സുകാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് ഇന്ത്യൻ രക്ഷാ സംഘം. എൻഡിആർഎഫ് സംഘമാണ് കുട്ടിയെ രക്ഷിച്ചതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തു. “ഓപ്പറേഷൻ ദോസ്ത്” എന്നാണ് ഇന്ത്യ ദൗത്യത്തിന് നൽകിയിട്ടുള്ള പേര്. കുട്ടിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം, 51 എൻ‌ഡി‌ആർ‌എഫ് ഉദ്യോഗസ്ഥരുടെ സംഘം തുർക്കിയിലേക്ക് പുറപ്പെട്ടതായി എൻ‌ഡി‌ആർ‌എഫ് ഡയറക്ടർ ജനറൽ അതുൽ കർ‌വാൾ അറിയിച്ചു.

തുർക്കിയിലേക്ക് ചൊവ്വാഴ്ച യാത്ര തിരിച്ച രണ്ട് സംഘം ഗാസിയാൻടെപ് പ്രവിശ്യയിലെ നൂർദാഗിയിലും ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളായ ഉർഫയിലും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതായി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. എൻഡിആർഎഫ് ടീമുകൾക്ക് റേഷൻ, ടെന്റുകൾ, മറ്റ് ലോജിസ്റ്റിക്സ് എന്നിവ കരുതിയതിനാൽ രണ്ടാഴ്ചയോളം അവിടെ താങ്ങാൻ കഴിയും.

കൊടും തണുപ്പുള്ള തുർക്കിയിലെ കാലാവസ്ഥയിൽ പ്രവർത്തിക്കാൻ പ്രത്യേക വസ്ത്രങ്ങൾ ഞങ്ങൾ നൽകിയിട്ടുണ്ട്. ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിൽ നിന്നാണ് വസ്ത്രം എത്തിച്ചതെന്നും എൻ‌ഡി‌ആർ‌എഫ് ഡയറക്ടർ ജനറൽ അതുൽ കർ‌വാൾ പറഞ്ഞു. തുർക്കിയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുന്നു. പ്രതികൂല കാലാവസ്ഥയാണ് രക്ഷാദൗത്യത്തിന് പ്രധാന തടസമാകുന്നത്.

അതേസമയം, തുർക്കി സിറിയ ഭൂചലനത്തിൽ മരണം 12000 കവിഞ്ഞു. തുടര്‍ ചലനങ്ങളും കനത്ത മഴയും മഞ്ഞു വീഴ്ചയും ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കിട്ടാതെ ദുരിതത്തില്‍ കഴിയുകയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. വമ്പൻ ഭൂചലനത്തിൽ കോണ്‍ക്രീറ്റ് കട്ടകള്‍ക്കിടയില്‍ പലരും കുടുങ്ങിക്കിടന്നത് 62 മണിക്കൂറിലേറെ സമയം വരെ. പലരുടേയും പുറത്തേക്ക് വലിയ കോൺക്രീറ്റ് പാളികൾ വീണു. ഗുരുതരമായി പരിക്കേറ്റ് ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കിട്ടാതെ കഴിയുന്നെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പ്രതികൂല കാലാവസ്ഥ കാരണം വൈദ്യസഹായം, വെള്ളം, ഭക്ഷണം എന്നിവ ദുരന്തമേഖലയില്‍ എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ ഇപ്പോഴും നടക്കാതിരിക്കുകയാണ്.