കാറിനുള്ളില്‍ നൈട്രജന്‍ വാതകം ശ്വസിച്ച് സോഫ്റ്റ് വെയര്‍ എന്‍ജിനീയർ ജീവനൊടുക്കി

ബെംഗളൂരു: ബെംഗളൂരുവിൽ അടച്ചിട്ട കാറിനുള്ളില്‍ നൈട്രജന്‍ വാതകം ശ്വസിച്ച് സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ 52-കാരന്‍ ജീവനൊടുക്കി. ബെംഗളൂരു മഹാലക്ഷ്മി ലേഔട്ടില്‍ താമസിക്കുന്ന വിജയ്കുമാറാണ് മരിച്ചത്. വെസ്റ്റ് ബെംഗളൂരുവിലെ കുരുബരഹള്ളിയിലെ റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്തശേഷം നൈട്രജന്‍ സിലിണ്ടറില്‍നിന്ന് വാതകം ശ്വസിച്ചാണ് ഇയാൾ ജീവനൊടുക്കിയത്.

നിര്‍ത്തിയിട്ട കാറിലെ പിന്‍സീറ്റില്‍ പ്ലാസ്റ്റിക് കവര്‍ കൊണ്ട് മുഖം മൂടിയനിലയിലായിരുന്നു വിജയ്കുമാറിന്റെ മൃതദേഹം. പത്തുകിലോയുടെ നൈട്രജന്‍ സിലിണ്ടറും പൈപ്പും കാറില്‍നിന്ന് കണ്ടെടുത്തു. നൈട്രജന്‍ സിലിണ്ടറില്‍നിന്ന് പൈപ്പ് വഴി മുഖത്ത് ചുറ്റിയ കവറിലേക്ക് വാതകം കടത്തിവിടുകയായിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് വിജയ്കുമാര്‍ വീട്ടില്‍നിന്ന് കാറുമായി ഇറങ്ങിയത്. തുടര്‍ന്ന് കുരുബരഹള്ളിയിലെ റോഡരികില്‍ വാഹനം നിര്‍ത്തി.

കാറില്‍നിന്ന് പുറത്തിറങ്ങിയ വിജയ്കുമാര്‍ കാര്‍ കവര്‍ കൊണ്ട് മൂടാനായി സമീപത്തെ കച്ചവടക്കാരന്റെ സഹായം തേടിയിരുന്നു. തനിക്ക് കാറിനുള്ളിലിരുന്ന് വിശ്രമിക്കണമെന്നും അതിനുവേണ്ടിയാണ് കാര്‍ മൂടുന്നതെന്നുമാണ് വിജയ്കുമാര്‍ കച്ചവടക്കാരനോട് പറഞ്ഞിരുന്നത്. തുടര്‍ന്ന് രണ്ടുപേരും ചേര്‍ന്ന് കാറിന്റെ പകുതിഭാഗം കവര്‍കൊണ്ട് മൂടുകയും വിജയ്കുമാര്‍ കാറിനകത്തേക്ക് കടക്കുകയും ചെയ്തു. വൈകിട്ടോടെ ഇതേസ്ഥലത്ത് സമീപവാസിയായ മറ്റൊരാള്‍ കാറുമായി എത്തിയപ്പോളാണ് വിജയ്കുമാറിനെ കാറിന്റെ പിന്‍സീറ്റില്‍ മരിച്ചനിലയില്‍ കണ്ടത്.

പ്രദേശവാസിയായ ഇദ്ദേഹം സ്ഥിരമായി വാഹനം നിര്‍ത്തിയിടുന്ന സ്ഥലത്താണ് വിജയ്കുമാറിന്റെ കാര്‍ കിടന്നിരുന്നത്. വാഹനം പരിശോധിച്ചപ്പോള്‍ കാറിന്റെ മുന്‍വശത്തെ ചില്ലില്‍ അകത്തുനിന്ന് പതിച്ച ഒരു കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടു. പോലീസുകാര്‍ മാത്രമേ കാറിന്റെ ഡോര്‍ തുറക്കാവൂ എന്നും വാഹനത്തിനകത്ത് വിഷവാതകം നിറഞ്ഞിരിക്കുകയാണെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്. ഇതോടെ കാറിന്റെ കവര്‍നീക്കി പരിശോധിച്ചതോടെയാണ് പിന്‍സീറ്റില്‍ ഒരാള്‍ അവശനിലയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ പോലീസില്‍ വിവരമറിയിച്ചു.

വിജയ്കുമാര്‍ അടുത്തിടെയായി കടുത്ത വിഷാദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ ഹൃദയശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെയാണ് വിഷാദത്തിലേക്ക് നീങ്ങിയത്. ശസ്ത്രക്രിയക്ക് പിന്നാലെ ശ്വസന സംബന്ധമായ പ്രശ്‌നങ്ങളും അലട്ടിയിരുന്നു. ഇക്കാര്യം ഭാര്യയോടും മക്കളോടും പറഞ്ഞിരുന്ന വിജയ്കുമാര്‍, തനിക്ക് ആത്മഹത്യാപ്രവണതയുണ്ടെന്നും ഇവരോട് സൂചിപ്പിച്ചിരുന്നു.
ജീവനൊടുക്കുന്നതിന് മുമ്പ് വിവിധ ആത്മഹത്യാ രീതികളെക്കുറിച്ച് 52-കാരന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നതായാണ് പോലീസ് നല്‍കുന്നവിവരം. ഇതുസംബന്ധിച്ച വീഡിയോകള്‍ കണ്ടതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.