സൊമാലിയൻ കടൽക്കൊള്ളക്കാരെ മുംബൈയിൽ എത്തിച്ചു, വിചാരണ നടപടികൾ ഉടൻ

ന്യൂഡൽഹി : 9 സൊമാലിയൻ കടൽക്കൊള്ളക്കാരെ നാവികസേന മുംബൈയിലെത്തിച്ച് ലോക്കൽ പോലീസിന് കൈമാറി. ഇന്ത്യൻ നാവികസേനയുടെ കപ്പലുകളായ ഐഎൻഎസ് ത്രിശൂലും ഐഎൻഎസ് സുമേധയും മാർച്ച് 29 ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് കൊള്ളക്കാരെ പിടികൂടിയത്. ഐഎൻഎസ് ത്രിശൂൽ ഏപ്രിൽ 3 നാണ് മുംബൈ തീരത്തെത്തിയത്. 2022ലെ ഇന്ത്യൻ മാരിടൈം ആൻറി പൈറസി ആക്ട് പ്രകാരമാണ് വിചാരണ നടപടികൾ നടക്കുകയെന്ന് നാവികസേന അറിയിച്ചു.

23 പാകിസ്താൻ പൗരന്മാരടക്കം 36 മത്സ്യത്തൊഴിലാളികളെയാണ് അറബിക്കടലിൽ നടന്ന ഓപ്പറേഷനിലൂടെ അന്ന് മോചിപ്പിച്ചത്. കൊച്ചിയിൽ നിന്നും 850 നോട്ടിക്കൽ മൈൽ ദൂരത്ത് അറബിക്കടലിൽ വച്ചായിരുന്നു ‘ അൽ കമ്പാർ’ എന്ന കപ്പൽ റാഞ്ചിയത്. സായുധരായ ഒമ്പത് പേരാണ് കൊള്ളസംഘത്തിലുണ്ടായിരുന്നത്. ഇത് സംബന്ധിച്ച് വിവരം ലഭിച്ച ഉടനെ സമുദ്ര സുരക്ഷയ്‌ക്കായി അറബിക്കടലില്‍ വിന്യസിച്ച ഐ.എൻ.എസ് സുമേധ, ഐ.എൻ.എസ് ത്രിശൂൽ എന്നീ നാവികസേന കപ്പലുകൾ ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

രക്തചൊരിച്ചൽ ഒഴിവാക്കി കടൽക്കൊള്ളക്കാരെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. മാർച്ച് 23 നും സമാന രീതിയിൽ 35 സൊമാലിയൻ കടൽക്കൊള്ളക്കാരെ മുംബൈയിൽ എത്തിച്ചിരുന്നു.