മരിച്ചു പോയ അമ്മയുടെ ആകെയുള്ള ഫോട്ടോ ഒന്ന് കളറാക്കി തരുമോ? പിന്നീട് സംഭവിച്ചത് സോഷ്യല്‍ മീഡിയ ട്രെന്‍ഡിങ്ങായൊരു അമ്മയുടെ കളര്‍ഫുള്‍ ഫോട്ടോ

ഇന്നലെ ഫേസ്ബുക്ക് നിറയെ നിറഞ്ഞു നിന്നൊരു ചിത്രമാണിത്. ഒരു യുവാവിന്റെ അഭ്യര്‍ത്ഥനയും പിന്നാലെയ ഫോട്ടോയും വീഡിയോയും തമ്മിലുള്ള മത്സരമായിരുന്നു. മരിച്ചുപോയ അമ്മയുടെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം മാത്രമായിരുന്നു അമ്മയെ ഇടയ്ക്കിടെ കാണാന്‍ കോഴിക്കോട് സ്വദേശിയായ നിഖിലെന്ന മകന്റെ കൈയ്യിലുണ്ടായിരുന്നത്. നിറമുള്ള ഓര്‍മ്മകള്‍ സമ്മാനിച്ച അമ്മയുടെ ചിത്രവും നിറമുള്ളതായി കാണണമെന്ന് ആ മകന് വല്യ ആഗ്രഹമായിരുന്നു.

തന്റെ ആഗ്രഹം പങ്കുവെച്ചപ്പോള്‍ നിഖിലിന് തിരുവനന്തപുരം സ്വദേശിയും ട്രോള്‍ മലയാളം മീം ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് അംഗവുമായ അഭിലാഷ് പകരം നല്‍കിയത് മാതൃസ്‌നേഹത്തിന്റെ നിറം കലര്‍ന്ന ഉഗ്രനൊരു ഫോട്ടോയായിരുന്നു. കാലം പഴമയില്‍ മുക്കിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തെ കളറാക്കി മാറ്റി.

തീര്‍ന്നില്ല, അമ്മയുടെ മുഖത്ത് ശ്രീത്വം വിളങ്ങുന്നൊരു ചിരി കൂടി ചേര്‍ത്തുവച്ചു ആ വിഷ്വല്‍ എഡിറ്റര്‍. ആ ചിത്രം ഇന്ന് സോഷ്യല്‍മീഡിയയുടെ മനം കവരുകയാണ്. ‘ അമ്മയോടുള്ള സ്‌നേഹവും വിട്ടുപോയ വേദനയും നിഖിലിന്റെ എല്ലാം ആ വാക്കുകളിലുണ്ടായിരുന്നു. അങ്ങനെയാണ് ഞാന്‍ ആ ചിത്രത്തില്‍ എഡിറ്റിങ്ങിന് ഒരുങ്ങിയത്. ‘- അഭിലാഷ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടായി പറഞ്ഞു.

”ഒരു രാത്രി മുഴുവനും ഇരുന്നു. അഡോബ് ഫൊട്ടോഷോപ്പ്, റെമിനി എന്നു പേരുള്ള റീസ്റ്റോറേഷന്‍- കളറിങ് ആപ്ലിക്കേഷന്‍, പിക്‌സ് ആര്‍ട്ട് എന്നിങ്ങനെ മൂന്ന് ആപ്പുകളാണ് ഉപയോഗിച്ചത്. ഇതെല്ലാം ഒരു പോലെ ചെയ്ത ശേഷം അവസാനത്തെ ആ ചിരി ഫൊട്ടോഷോപ്പില്‍ സെറ്റ് ചെയ്തു. അഭിമാനത്തോടെ പറയട്ടെ ആ ചിത്രത്തില്‍ ഫൊട്ടോഷോപ്പ് ഉണ്ടെന്ന് കണ്ടാല്‍ പറയില്ല. അത്രയ്ക്കും റിയല്‍ ആയി അത് പൂര്‍ത്തിയാക്കാനായി.”- അഭിലാഷ് കൂട്ടിച്ചേര്‍ത്തു.