ഞാനും ചേച്ചിയും സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് അച്ഛന്‍ ഇനി പൊക്കം വെയ്ക്കില്ല എന്ന് പറഞ്ഞത്, സൂരജ് തേലക്കാട് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനും കൊമേഡിയനുമൊക്കെയാണ് സൂരജ് തേലക്കാട്. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന താരം ഇക്കുറി ബിഗ് ബോസ് ഷോയിലെ മത്സരാര്‍ത്ഥിയുമാണ്. പ്രായം ഇരുപത്തിയാറായെങ്കിലും മലയാളത്തിലെ നിരവധി സെലിബ്രിറ്റികളുടെ എളിയില്‍ കയറി ഇരിക്കാന്‍ തനിക്ക് ഭാഗ്യം കിട്ടിയെന്ന് എന്നും സൂരജ് പുഞ്ചിരിയോടെ പറയുന്നു.

‘വളരെ സന്തോഷത്തോടെയാണ് ബിഗ് ബോസില്‍ പങ്കെടുക്കാന്‍ എത്തിയത്. ഞാന്‍ വരുമോ ഇല്ലയോ എന്നത് സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ നടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. വരില്ലെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. അവര്‍ക്ക് അത്തരമൊരു സംശയം വരാന്‍ കാരണം എന്റെ ശാരീരിക ക്ഷമതും ആരോഗ്യവും പരിഗണിച്ചായിരിക്കും. ഞാനും ചേച്ചിയും സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് അച്ഛന്‍ അടുത്ത് പിടിച്ചിരുത്തി ഇനി പൊക്കം വെയ്ക്കില്ല എന്ന് പറഞ്ഞത്. ഒപ്പം നല്ലൊരു ഉപദേശവും അച്ഛന്‍ തന്നു. നമ്മുടെ കഴിവും പ്രവൃത്തിയും കൊണ്ട് നമ്മള്‍ സ്വയം ഉയരമുള്ളവരാകണം എന്നാണ് അച്ഛന്‍ പറഞ്ഞതും പഠിപ്പിച്ചതും. നന്നായി മത്സരിച്ച് ബിഗ് ബോസ് വീട്ടില്‍ നില്‍ക്കാനാണ് ആഗ്രഹം. അതിനായി പരിശ്രമിക്കും’ സൂരജ് പറയുന്നു. ലാലേട്ടനുമായി വേദിയില്‍ വെച്ച് കളി ചിരിയും തമാശയും പങ്കുവെച്ച സൂരജ് ലാലേട്ടന്റെ നീ പോ മോനെ ദിനേശാ… എന്ന മാസ് ഡയലോഗും പറഞ്ഞ് കാണികളെ ഞെട്ടിച്ചു.

മലപ്പുറം പെരുന്തല്‍മണ്ണ സ്വദേശിയാണ് സൂരജ്. അച്ഛന്‍ മോഹനന്‍ ബാങ്കിലെ കലക്ഷന്‍ ഏജന്റ് ആയിരുന്നു. അമ്മ ജ്യോതിലക്ഷ്മി വീട്ടമ്മയും. ചേച്ചിയുടെ പേര് സ്വാതി ശ്രീ. സൂരജിന്റെ അച്ഛനും അമ്മയും അകന്ന ബന്ധുക്കള്‍ ആയിരുന്നു. അതുമൂലമുണ്ടായ ജനിതക പ്രശ്‌നം കൊണ്ടാണ് രണ്ട് മക്കള്‍ക്കും വളര്‍ച്ച കുറഞ്ഞത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്ന് സൂരജ് നേരത്തെ പറഞ്ഞിരുന്നു.